Big stories

സുപ്രിംകോടതിക്കെതിരേ പ്രകാശ് കാരാട്ട്; ബാബരി കേസിലെ വിധിന്യായം ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍

കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാവുകയും ചെയ്യുന്നു

സുപ്രിംകോടതിക്കെതിരേ പ്രകാശ് കാരാട്ട്; ബാബരി കേസിലെ വിധിന്യായം ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍
X

കോഴിക്കോട്: ബാബരി മസ്ജിദ്, ശബരിമല വിധികളില്‍ സുപ്രിംകോടതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ബാബരി കേസില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷവാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യുമെന്ന് 'സുപ്രിംകോടതിയില്‍ സംഭവിക്കുന്നതെന്ത്' എന്ന തലക്കെട്ടില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് കുറ്റപ്പെടുത്തി. എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാവുമെന്ന് ഉറപ്പാണ്.

ഇത്തരത്തിലുള്ള ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനപ്പരിശോധനാ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും കാണാവുന്നതാണ്. പുനപ്പരിശോധനാ ഹരജികള്‍ വിപുലമായ ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതിനായിരുന്നു. സുപ്രിംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ല, സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പ്പന്നമാണിത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയ്ക്ക് മോദി സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷന്‍ നല്‍കുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. ദുഃഖകരമെന്ന് പറയട്ടെ സുപ്രിംകോടതിയും ഇതില്‍നിന്നും അന്യമല്ലെന്ന് കാരാട്ട് പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് പരിശോധിച്ച് പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് സുപ്രിംകോടതി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാവുകയും ചെയ്യുന്നു. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്‌സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായതെന്നും കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it