Sub Lead

സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: എംഎല്‍എയെ സംരക്ഷിക്കുന്നത് ഇപിയെന്ന് വിമര്‍ശനം

60 ലക്ഷത്തിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയ വിവരം ഏറ്റവും ഒടുവിലാണ് പുറത്തുവരുന്നത്, ഇതോടെ അണികൾക്കിടയിൽ അസ്വാരസ്യം വർധിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യ പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുമുണ്ട്.

സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: എംഎല്‍എയെ സംരക്ഷിക്കുന്നത് ഇപിയെന്ന് വിമര്‍ശനം
X

കണ്ണൂർ പയ്യന്നൂരിൽ പാർട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിക്കകത്തെ വിഭാ​ഗീയത ശക്തമാക്കുന്നു. രക്തസാക്ഷി കുടുംബ സഹായ ഫണ്ട് ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ പാർട്ടി ഫണ്ട് തട്ടിപ്പാണ് നടന്നത്. നിലവിലെ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനാണ് കുറ്റാരോപിതനെങ്കിലും ഏതെങ്കിലും ഏരിയാ കമ്മിറ്റി അം​ഗത്തെ കൊണ്ട് കുറ്റമേൽപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. പാർട്ടിയുടെ മുഖം രക്ഷിക്കാമെന്ന വ്യാജേന ഈ ഫോർമുല മുന്നോട്ട് വച്ച് ടി ഐ മധുസൂദനനെ സംരക്ഷിക്കുന്നത് ഇപിയെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന ചർച്ചകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സിപിഎം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങൾ മുതൽ ഈ ഫണ്ട് വെട്ടിപ്പ് പാർട്ടിക്കകത്ത് ചർച്ചയായിട്ടുണ്ട്. അന്ന് പയ്യന്നൂർ ഏരിയക്ക് കീഴിലെ ഭൂരിഭാ​ഗം ലോക്കൽ സമ്മേളനങ്ങളിലും എംഎൽഎയുടെ ഫണ്ട് വെട്ടിപ്പ് ചർച്ചയായിരുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പെനെതിരേ രൂക്ഷ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയർന്നത്. സമ്മേളനത്തിന് പിന്നാലെ പാർട്ടി അനുഭാവികൾക്കിടയിലേക്കും ചർച്ചയെത്തുകയായിരുന്നു. ഇതോടെ എംഎൽഎക്ക് നാട്ടിലുണ്ടായിരുന്ന പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് പാർട്ടി അണികളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.

ഏരിയാ കമ്മിറ്റി കെട്ടിട നിർമാണത്തിന് 15000 പേരിൽ‍ നിന്ന് 1000 രൂപ വിതം പിരിച്ചാണ് ചിട്ടി നടത്തിയത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കിൽ ഉൾപ്പെടുത്താതെയായിരുന്നു ലക്ഷങ്ങൾ വെട്ടിച്ചത്. 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടിലും ക്രമക്കേട് നടത്തിയിരുന്നു. സ്വകാര്യ പ്രസിൽ നിന്ന് വ്യാജ രസീതി അടിച്ചായിരുന്നു വെട്ടിപ്പ്. സ്വകാര്യ പ്രസ് ഉടമ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ എംഎൽഎയുടെ പേര് വെളുപ്പെടുത്തിയിട്ടുണ്ടെന്ന വിവരവും പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. 60 ലക്ഷത്തിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയ വിവരം ഏറ്റവും ഒടുവിലാണ് പുറത്തുവരുന്നത്, ഇതോടെ അണികൾക്കിടയിൽ അസ്വാരസ്യം വർധിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യ പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിവാദ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണ കമ്മിഷൻ അംഗങ്ങളെയും ആരോപണ വിധേയരായ 2 നേതാക്കളെയും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ ഉന്നത നേതാക്കൾ പ്രത്യേകമായി വിളിച്ചു സംസാരിച്ചതായാണു വിവരം. അണികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ വർ​ഗ-ബഹുജന സംഘടനകളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ ഫണ്ട് തട്ടിപ്പിൻമേൽ ചൂടേറിയ ചർച്ചകളാണ് ഉയരുന്നത്. പരസ്യ പ്രതികരണത്തിന് പാർട്ടി പ്രവർത്തകർ തയ്യാറാകുന്നില്ലെങ്കിലും പാർട്ടി ​ഗ്രൂപ്പുകളിൽ എംഎൽഎക്കെതിരേ രം​ഗത്തുവരുന്നുണ്ട്. പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽക്കാതിരിക്കുവാനാണ് എംഎൽഎയെ രക്ഷിച്ചെടുക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നതെങ്കിലും സിപിഎമ്മിന്റെ ജില്ലയിലെ തന്നെ ഏറ്റവും ശക്തമായ ഏരിയാ കമ്മിറ്റിക്ക് കീഴിലെ അണികളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it