Sub Lead

പി കെ ശശിക്കെതിരായ പരാതികൾ നാളെ സിപിഎം പ്രാദേശിക ഘടകങ്ങളിൽ ചര്‍ച്ച ചെയ്യും

മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂനിവേഴ്സൽ കോളജിനു വേണ്ടി പാർട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്തെന്നുമാണ് പാർട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി.

പി കെ ശശിക്കെതിരായ പരാതികൾ നാളെ സിപിഎം പ്രാദേശിക ഘടകങ്ങളിൽ ചര്‍ച്ച ചെയ്യും
X

പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ പരാതിയിൽ സിപിഎം പ്രാദേശിക ഘടകങ്ങളിൽ നാളെ ചർച്ച നടക്കും. മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗത്തിലാണ് പരാതികൾ ചർച്ച ചെയ്യുക. ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് പികെ ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂനിവേഴ്സൽ കോളജിനു വേണ്ടി പാർട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്തെന്നുമാണ് പാർട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭമോ കിട്ടാതായതോടെ പണം മറിച്ച ബാങ്കുകളെല്ലാം കടക്കെണിയിലായി.

ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്ന പരാതിയും പി കെ ശശിക്കെതിരേ പാര്‍ട്ടിക്ക് മുന്നിലെത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ മൻസൂർ ആണ് പരാതിക്കാരൻ. ശശിയുടെ ഏകപക്ഷീയ തീരുമാനങ്ങളും പ്രവര്‍ത്തന ശൈലിയിലും ഭൂരിപക്ഷം നേതാക്കൾക്കും അമര്‍ഷവും അതൃപ്തിയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പരാതികൾ കീഴ്ഘടകങ്ങളിൽ ചര്‍ച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. പാര്‍ട്ടി നേതൃത്വത്തെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സംസ്ഥാന കമ്മറ്റി അംഗം സി കെ രാജേന്ദ്രൻ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന യുവതി നൽകിയ ലൈംഗീകാതിക്രമ പരാതിയിൽ പാര്‍ട്ടി സംസ്ഥാന ഘടകം ശശിയെ മുമ്പ് ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ശശിക്കെതിരായ നടപടി അന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയിൽ റിപോര്‍ട്ട് ചെയ്തു. ശശിക്കെതിരേ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ അന്ന് പാര്‍ട്ടിക്ക് കത്ത് നൽകിയിരുന്നു. മൂന്നംഗ അന്വേഷണ കമ്മീഷൻ്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ നടപടി.

Next Story

RELATED STORIES

Share it