Sub Lead

'യുപിയില്‍ ഗോമാതാക്കള്‍ പട്ടിണി കൊണ്ട് മരിക്കുന്നു'; സംരക്ഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

ഗോമാതാവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്‌നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം.

യുപിയില്‍ ഗോമാതാക്കള്‍ പട്ടിണി കൊണ്ട് മരിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഗോമാതാവിനെ സംരക്ഷിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കത്തയച്ചു. ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചത്.

ഗോമാതാവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്‌നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം.

വാഗ്ദാനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മില്‍ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓര്‍മിപ്പിച്ചു. പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു.

കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയില്‍നിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന 'ഗോദാന്‍ ന്യയ് യോജന' ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. അവിടെ പ്രതിമാസം 15 കോടി രൂപ വിലവരുന്ന ചാണകം വാങ്ങി കമ്പോസ്റ്റ് ഉണ്ടാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നു. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കിയതായും പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നടപടികളുടെ ഭാഗമാണ് കത്തെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it