Sub Lead

ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 3.12 ലക്ഷം കേസുകള്‍, അമേരിക്കയില്‍ 12,283 രോഗികള്‍

ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 3.12 ലക്ഷം കേസുകള്‍, അമേരിക്കയില്‍ 12,283 രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസം നല്‍കുന്നു. വിവിധ രാജ്യങ്ങളിലെ പ്രതിദിന രോഗികളുടെ കുതിച്ചുചാട്ടത്തിനുശേഷം ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. രോഗവ്യാപനം രൂക്ഷമായ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഒരുദിവസം സ്ഥിരീകരിക്കുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ മാറ്റമാണ് കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 3.12 ലക്ഷം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

7,900 മരണവും രേഖപ്പെടുത്തി. കൊവിഡ് ഒന്നാം തരംഗത്തിന്റെ അവസാനത്തിലും രണ്ടാം തരംഗത്തിന്റെ ആരംഭത്തിലും ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരുദിവസം എട്ടുലക്ഷത്തിനടുത്തുവരെ എത്തിയിരുന്നു. മരണസംഖ്യയിലും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതിനിപ്പോള്‍ മാറ്റമുണ്ടായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയിലാണ് പ്രതിദിന രോഗികളുടെ എണ്ണം പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. പുതിയ കണക്കുകള്‍പ്രകാരം 24 മണിക്കൂറില്‍ 12,283 പുതിയ കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചത്.

312 മരണവുമുണ്ടായി. പ്രതിദിന രോഗികളില്‍ മുന്നില്‍ ഇന്ത്യയാണ്. രണ്ടാം തരംഗം ഏറെ ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യയില്‍ 87,345 പുതിയ രോഗികളാണുള്ളത്. 2,115 മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. തീവ്രരോഗവ്യാപനമുണ്ടായിരുന്ന ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, ഇറ്റലി, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ബ്രസീലില്‍ 38,750 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ഫ്രാന്‍സില്‍ ഇത് 1,164 ഉം തുര്‍ക്കിയില്‍ 5,647 ഉം ഇറ്റലിയില്‍ 1,273 ഉം ആണ്.

ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 17,43,73,606 ആയിട്ടുണ്ട്. 37,51,930 പേര്‍ക്ക് വൈറസിന്റെ പിടിയില്‍പ്പെട്ട് ജീവന്‍ നഷ്ടമായി. ഇതുവരെ 15,79,01,380 പേരുടെ രോഗം ഭേദമായി. 1,27,20,296 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 86,527 പേരുടെ നില ഗുരുതരമായി തുടരുന്നു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ സ്ഥിതി വിവരം ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക: 3,42,27,237 (6,12,701), ഇന്ത്യ: 2,89,96,949 (3,51,344), ബ്രസീല്‍: 1,69,85,812 (4,74,614), ഫ്രാന്‍സ്: 57,13,917 (1,10,062), തുര്‍ക്കി: 52,93,627 (48,255), റഷ്യ: 51,35,866 (1,24,117), യുകെ: 45,22,476 (1,27,841), ഇറ്റലി: 42,33,698 (1,26,588), അര്‍ജന്റീന: 39,77,634 (81,946), ജര്‍മനി: 37,10,341 (89,965).

Next Story

RELATED STORIES

Share it