Sub Lead

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ട; ഇളവുമായി അമേരിക്ക

പൂര്‍ണമായും വാക്‌സിനേഷന് വിധേയമായവര്‍ ഇനി മുതല്‍ ആള്‍ക്കൂട്ടത്തിനിടയിലോ അടച്ചിട്ട സ്ഥലങ്ങളിലോ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡിസിസി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളിലും ഇളവുണ്ട്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ട; ഇളവുമായി അമേരിക്ക
X

വാഷിങ്ടണ്‍: കൊവിഡിനെതിരേ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ അമേരിക്കയില്‍ മാസ്‌ക് ധരിക്കേണ്ട. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷനാണ് (ഡിസിസി) പുതിയ ഭേദഗതി മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പൂര്‍ണമായും വാക്‌സിനേഷന് വിധേയമായവര്‍ ഇനി മുതല്‍ ആള്‍ക്കൂട്ടത്തിനിടയിലോ അടച്ചിട്ട സ്ഥലങ്ങളിലോ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡിസിസി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളിലും ഇളവുണ്ട്. വൈറ്റ് ഹൗസിന് മുന്നില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. കൊാവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് ബൈഡന്‍ പറഞ്ഞു.

അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ പറഞ്ഞു. നിങ്ങള്‍ എന്തെല്ലാം സഹിച്ചു. വാക്‌സിനെടുക്കാന്‍ രാജ്യം ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ചെയ്തു. വാക്‌സിന്‍ രണ്ട് ഡോസും ഇതുവരെ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവച്ചത് എല്ലാം പുനരാരംഭിക്കാം. എങ്കിലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നതുവരെ സ്വയം സുരക്ഷ തുടരണം.

65 വയസില്‍ താഴെയുള്ള എല്ലാവരും ഇതുവരെയും വാക്‌സിന്‍ പൂര്‍ണമായും സ്വീകരിച്ചിട്ടില്ലെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നവരെ ബഹുമാനിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊവിഡിനതിരായ ഒരുവര്‍ഷം നീണ്ട പോരാട്ടത്തില്‍ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാവൂ. 50 സംസ്ഥാനങ്ങളില്‍ 49 ലും കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞു.

കുറച്ചുസമയം കൂടി കാക്കേണ്ടതുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായി വാക്‌സിനെടുക്കുന്ന ആര്‍ക്കും മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോച്ചല്‍ വലന്‍സ്‌കി വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും അടച്ചതും തിരക്കേറിയതുമായ സ്ഥലങ്ങളായ ബസ്സുകള്‍, വിമാനങ്ങള്‍, ബഹുജന ഗതാഗതം എന്നിവിടങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയവര്‍, കാന്‍സര്‍ രോഗികള്‍ പോലുള്ള ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ മാസ്‌ക് ഉപേക്ഷിക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിക്കണമെന്നും ഡിസിസി ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it