Sub Lead

പാര്‍ലമെന്റ് സമ്മേളനത്തിന് 72 മണിക്കൂര്‍ മുന്‍പ് മുഴുവന്‍ എംപിമാര്‍ക്കും കൊവിഡ് പരിശോധന

സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ പാലിച്ചാണ് പാര്‍ലമെന്റ് സമ്മേനം ചേരുക.

പാര്‍ലമെന്റ് സമ്മേളനത്തിന് 72 മണിക്കൂര്‍ മുന്‍പ് മുഴുവന്‍ എംപിമാര്‍ക്കും കൊവിഡ് പരിശോധന
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി മാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. സമ്മേളനത്തിന് 72 മണിക്കൂര്‍ മുന്‍പാകും പരിശോധന. എംപിമാരുടെ സ്റ്റാഫിനും പരിശോധന നടത്തും. സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ പാലിച്ചാണ് പാര്‍ലമെന്റ് സമ്മേനം ചേരുക. ഇരുസഭകളുടേയും നടപടികള്‍ അവധി കൂടാതെ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് വാരാന്ത്യ ദിനങ്ങളിലും അവധിയില്ലാതെ സഭാ സമ്മേളനം നടത്തുന്നത്. സമ്മേളന കാലയളവിനിടെ എം.പിമാര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്കും മറ്റും തിരിച്ചുപോകുന്നത് തടഞ്ഞ് രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നടപടി. ഇടവേളകളില്ലാതെ 18 ദിവസമാണ് സഭ ചേരുന്നത്. രാവിലേയും ഉച്ചയ്ക്ക് ശേഷവും രണ്ട് സെക്ഷനുകളിലായി ദിവസേന നാല് മണിക്കൂറാണ് ഇരുസഭകളും ചേരുക.

കൃത്യമായ സാമൂഹിക അകലം പാലിക്കാന്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും ചേമ്പറുകളിലും ഗാലറികളിലും എം.പിമാര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കും. അംഗങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സൗകര്യാര്‍ഥം ചേമ്പറുകളില്‍ നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഗാലറികളില്‍ ആറ് ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഓഡിയോ സംവിധാനങ്ങളും മറ്റും സ്ഥാപിക്കും. അണുക്കളെയും വൈറസുകളേയും നശിപ്പിക്കാന്‍ രാജ്യസഭയിലെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തില്‍ അള്‍ട്രാവയലറ്റ് അണുനശീകരണികള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സഭാ നേതാവ്, പ്രതിപക്ഷ നേതാവ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ക്ക് രാജ്യസഭ ചേംബറിലാണ് ഇരിപ്പിടം ഒരുക്കുക. ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഗാലറികളില്‍ സാമൂഹിക അകലം പാലിക്കാന്‍ 15 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നാണ് സൂചന.

Next Story

RELATED STORIES

Share it