Sub Lead

രാജ്യത്തെ കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ 86,961 രോഗബാധിതര്‍; 1130 മരണം

രാജ്യത്തെ കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ 86,961 രോഗബാധിതര്‍; 1130 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 86,961 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 54.87 ലക്ഷമായി. 1,130 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതുവരെ 87,882 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 43.96 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 10.03 ലക്ഷം പേരാണ് ചികില്‍സയില്‍ കഴിയുന്നത്. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് തുടരുകയാണ്. ഇന്നലെ രാജ്യത്ത് 7.31 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 6.43 കോടി സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12,08,642 ആയി. 2,91,238 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 455 പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 32,671 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ന് 26,408 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 12 ലക്ഷം കടന്നു. സംസ്ഥാനത്ത് 21,152 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

കര്‍ണ്ണാടകയില്‍ പുതുതായി 8,191 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 101 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആന്ധ്രാപ്രദേശില്‍ 7,738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57 മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 5,516 പേര്‍ക്കാണ് പുതിയതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. 60 മരണം റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 3812 പേര്‍ക്ക് രോഗം ബാധിച്ചു. 37 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി

പ്രതിദിന രോഗബാധയിലും മരണത്തിലും ഇന്ത്യയാണ് ലോകത്ത് മുന്നില്‍. അമേരിക്കയില്‍ ഇന്നലെ 33,344 പേര്‍ക്കും ബ്രസീലില്‍ 16,282 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ രോഗബാധിതരില്‍ മുന്നിലുളള ബ്രസീലില്‍ 45.44 ലക്ഷം ജനങ്ങള്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 1.36 ലക്ഷം പേര്‍ മരിച്ചു.




Next Story

RELATED STORIES

Share it