കത്ത് വിവാദത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്; മേയറെ ഇകഴ്ത്താന്‍ വ്യാജരേഖ ചമച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: കോര്‍പറേഷനില്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, ഐപിസി 465 (വ്യാജരേഖ ചമയ്ക്കല്‍), ഐപിസി 466 (ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍), ഐപിസി 469 (ഒരാളുടെ പദവിയെ ഇകഴ്ത്തിക്കാട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കോര്‍പറേഷനെയും മേയറെയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തി കാണിക്കാനും മേയറുടെ സല്‍കീര്‍ത്തിക്ക് ഭംഗം വരുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെയുമാണു കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. മേയര്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ നാലുവരെ ഡല്‍ഹിയിലായിരുന്നു. ആ സമയത്താണ് നവംബര്‍ ഒന്ന് എന്ന തിയ്യതിവച്ച് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കൃത്രിമം കാണിച്ച് ദിവസവേതനക്കാരെ നിയമിക്കുന്നതിനു മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചതായി പ്രചരിപ്പിച്ചത്.
വ്യാജ ഒപ്പുവച്ച കത്ത് ഔദ്യോഗിക ലെറ്റര്‍പാഡില്‍ തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിജിപി അനില്‍കാന്താണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കത്ത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ കഴിഞ്ഞിരുന്നില്ല. ഇത് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശയിലാണ് നടപടി. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേസ് ലോക്കല്‍ പോലിസിന് അല്ലെങ്കില്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, തുടര്‍ന്നും ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന തീരുമാനത്തിലാണ് ഡിജിപി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന്റെ യൂനിറ്റായിരിക്കില്ല തുടരന്വേഷണം നടത്തുകയെന്ന വിവരമുണ്ട്. കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നില്ല. കത്ത് നശിപ്പിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയറുടെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാല്‍, വ്യാജരേഖ ചമച്ചതിന് കേസെടുക്കാമെന്നാണ് വിലയിരുത്തല്‍.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT