Sub Lead

കൊറോണ: ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മദ്‌റസാ സൗകര്യം ഏര്‍പ്പെടുത്തുന്നു

കൊറോണ: ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മദ്‌റസാ സൗകര്യം ഏര്‍പ്പെടുത്തുന്നു
X

കോഴിക്കോട്: കൊറോണ വ്യാപനം തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മദ്‌റസകള്‍ക്ക് അവധി നല്‍കിയ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മദ്‌റസ സൗകര്യം ഏര്‍പ്പെടുത്തി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. വീട്ടില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പഠനത്തിനുള്ള മാര്‍ഗം തുറക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ഈ മാസം 21 മുതല്‍ നോമ്പിന് മുമ്പായി അധ്യയന വര്‍ഷത്തിന്റെ അവസാനം വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ലക്ഷം വിദ്യാര്‍ഥികളിലേക്കു മദ്‌റസ പാഠങ്ങള്‍ എത്തിക്കാനാണ് തീരുമാനം. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ മീഡിയാ മിഷന്റെ യൂട്യൂബ് ചാനല്‍ വഴിയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രസിദ്ധീകരിക്കുക. വിശുദ്ധ ഖുര്‍ആന്‍, ചരിത്രം, ഹദീസ്, കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകളുണ്ടാവും. വിദേശ രാജ്യങ്ങളിലും ജനജീവിതം സ്തംഭിച്ചതോടെ പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കും പദ്ധതി പ്രയോജനപ്പെടും.

ഇതുസംബന്ധിച്ച യോഗത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രഫ. എ കെ അബ്ദുല്‍ ഹമീദ് പദ്ധതി അവതരിപ്പിച്ചു. മിക്കവാറും സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ പല പ്രശ്‌നങ്ങളാല്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവാത്തതിനാല്‍ പരീക്ഷകള്‍ക്ക് ഈ ക്ലാസുകള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ രാവിലെയാവും ക്ലാസുകളുടെ ക്രമീകരണം.



Next Story

RELATED STORIES

Share it