Sub Lead

ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍ സ്ഥാനമൊഴിയും, കണ്ണീരോടെ ബിഎസ് പി എംപി

ബിജെപി എംപിയുടെ തീവ്രവാദി അധിക്ഷേപം; നടപടിയില്ലെങ്കില്‍ സ്ഥാനമൊഴിയും, കണ്ണീരോടെ ബിഎസ് പി എംപി
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ തനിക്കെതിരേ വര്‍ഗീയ-വിദ്വേഷ അധിക്ഷേപം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ എംപി സ്ഥാനം ഒഴിയുമെന്ന് ബിഎസ്പി നേതാവും എംപിയുമായ ഡാനിഷ് അലി. ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട എംപിയായ എനിക്ക് ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും കുന്‍വര്‍ ഡാനിഷ് അലി വികാരാതീനനായി മാധ്യമങ്ങളോട് ചോദിച്ചു. ആര്‍എസ്എസിന്റെയും നരേന്ദ്രമോദിയുടെയും ശാഖകളില്‍ ഇതാണോ പഠിപ്പിക്കുന്നതെന്നും ഒരു എംപിക്കെതിരേ ഇത്തരത്തില്‍ പെരുമാറുമെങ്കില്‍ സാധാരണ മുസ് ലിംകളെ അദ്ദേഹം എന്ത് ചെയ്യുമെന്നും ഡാനിഷ് അലി ചോദിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കണ്ണീരോടെയാണ് ഡാനിഷ് അലി പ്രതികരിച്ചത്. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇടറിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

'പാര്‍ലമെന്റ് വിടുന്നതിനെ കുറിച്ച് കടുത്ത ഹൃദയവേദനേയോടാണ് ആലോചിക്കുന്നത്. എനിക്ക് ഇത് സംഭവിക്കുകയാണെങ്കില്‍, ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താണ്?. എന്റെ മസ്തിഷ്‌കം പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ അവരുടെ സമുദായവുമായി ബന്ധിപ്പിച്ച് ആക്രമിക്കാനാണോ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്? ഇത് രാജ്യത്തെയാകെ നാണംകെടുത്തി. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തിനെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കുമോ അതോ പ്രോല്‍സാഹിപ്പിക്കുമോ എന്ന് നോക്കാം. ഇത് വിദ്വേഷ പ്രസംഗമാണെന്നും കുന്‍വര്‍ ഡാനിഷ് അലി പറഞ്ഞു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബിജെപി സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേഷ് ബിധുരി ഉത്തര്‍പ്രദേശിലെ അംരോഹ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ് പി എംപിയായ ഡാനിഷ് അലിയെ മുസ് ലിം ഭീകരവാദിയെന്നും തീവ്രവാദിയെന്നും വിളിച്ച് അധിക്ഷേപിച്ചത്. കൂട്ടിക്കൊടുക്കുന്നവന്‍, സുന്നത്ത് ചെയ്തവന്‍, മുസ് ലിം തീവ്രവാദി തുടങ്ങി അത്യന്തം പ്രകോപനപരവും മതവിദ്വേഷം ഉയര്‍ത്തുന്നതുമായ അധിക്ഷേപങ്ങളാണ് നടത്തിയത്. അധിക്ഷേപവര്‍ഷം നടത്തിയ ബിധുരിക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപിക്കെതിരേ ഇത്തരത്തില്‍ അസഭ്യമായ ഭാഷ ഉപയോഗിക്കുന്നത്. ഇതൊരു ഭീഷണിയാണ്. പുതിയ ഇന്ത്യയുടെ ലബോറട്ടറിയുടെ കേഡറിനെ ഇതാണോ പഠിപ്പിച്ചതെന്നും ഡാനിഷ് അലി ചോദിച്ചു. ലോക്‌സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അധിക്ഷേപകരമായ വാക്കുകളാണ് ബിജെപി എംപി തനിക്കെതിരെ നടത്തിയെന്ന് കുന്‍വര്‍ ഡാനിഷ് അലി സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 'ഇത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്, സ്പീക്കര്‍ എന്ന നിലയില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ഒരു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇത് സംഭവിച്ചുവെന്നത് ഈ മഹത്തായ രാഷ്ട്രത്തിലെ ന്യൂനപക്ഷ അംഗവും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗവും എന്ന നിലയില്‍ എനിക്ക് ശരിക്കും ഹൃദയഭേദകമായാണ് അനുഭവപ്പെടുന്നത്. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ അഭ്യര്‍ഥിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തില്‍ രമേഷ് ബിധുരിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. അസദുദ്ദീന്‍ ഉവൈസി, മെഹുവ മെയ്ത്ര, ജയറാം രമേശ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും ലോക്‌സഭാ അംഗങ്ങളും ബിജെപി എംപിക്കെതിരേ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഡാനിഷ് അലിയുടെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പിന്തുണ അര്‍പ്പിക്കുകയും ചെയ്തു. വിമര്‍ശനം വ്യാപകമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സഭയില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പ് പറഞ്ഞാല്‍ മാത്രം പോരെന്നും ബിധുരിയെ സസ്‌പെന്‍ഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് തികച്ചും ലജ്ജാകരമാണ്. രാജ്‌നാഥ് സിങിന്റെ പാതിമനസ്സോടെയുള്ള മാപ്പ് സ്വീകാര്യമല്ല. ഇത് പാര്‍ലമെന്റിനെ അപമാനിക്കുന്നതാണ്. വ്യക്തമായ സസ്‌പെന്‍ഷന്‍ വേണം. ബിധുരിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരനും അപമാനമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അതിനിടെ, അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ദക്ഷിണ ഡല്‍ഹി എംപി രമേഷ് ബിധുരിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാര്‍ലിമെന്റിനുള്ളില്‍ മുസ് ലിം സമുദായത്തില്‍ നിന്നുള്ള ഒരു എംപിയെ മതത്തിന്റെ പേരില്‍ മറ്റൊരു എംപി അധിക്ഷേപിച്ച സംഭവം അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്.

Next Story

RELATED STORIES

Share it