Sub Lead

''വര്‍ഗീയ ഉദ്ദേശ്യം വ്യക്തം'' എന്‍സിഇആര്‍ടിയുടെ വിഭജന മൊഡ്യൂളിനെതിരേ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്

വര്‍ഗീയ ഉദ്ദേശ്യം വ്യക്തം എന്‍സിഇആര്‍ടിയുടെ വിഭജന മൊഡ്യൂളിനെതിരേ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിഭജനത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ (എന്‍സിഇആര്‍ടി) പുറത്തിറക്കിയ പുതിയ മൊഡ്യൂളിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്. വിഭജനത്തില്‍ മുസ്‌ലിം ലീഗിനൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് ആരോപിക്കുന്ന മൊഡ്യൂള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും വ്യക്തമായ വര്‍ഗീയ ഉദ്ദേശ്യത്തോടെ രൂപകല്‍പ്പന ചെയ്ത തെറ്റുകള്‍ നിറഞ്ഞ ധ്രുവീകരണ സ്വഭാവമുള്ള ചരിത്രമാണെന്നും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ സംക്ഷിപ്ത രൂപം

മിഡില്‍, സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയ സ്വഭാവമുള്ള തെറ്റായ വിവരങ്ങളടങ്ങിയ മൊഡ്യൂളുകളെ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അപലപിക്കുന്നു. വിഭജന ഭീകരത അനുസ്മരണ ദിനമെന്ന പേരിലുള്ള ദിവസം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ മന്ത്രാലയവും എന്‍സിആര്‍ടിയുമാണ് ഈ പ്രത്യേക മൊഡ്യൂള്‍ പ്രസിദ്ധീകരിച്ചത്. ചരിത്രത്തെ പൂര്‍ണ്ണമായും തലകീഴായി മാറ്റി, മൊഡ്യൂളുകള്‍ മുസ്‌ലിം ലീഗിനെ മാത്രമല്ല, രാജ്യവിഭജനത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഉത്തരവാദികളാക്കി മാറ്റുന്നു. സ്വാതന്ത്ര്യസമരകാലത്ത് വര്‍ഗീയ ശക്തികള്‍ ബ്രിട്ടീഷുകാരോട് സ്വീകരിച്ച വിശ്വസ്ത നിലപാടിന് അനുസൃതമായി ഇപ്പോഴത്തെ മൊഡ്യൂളുകള്‍ ബ്രിട്ടീഷുകാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നു.

''അവസാനം വരെ ഇന്ത്യയെ ഒന്നായി നിലനിര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു.''എന്ന് ഒരു മൊഡ്യൂള്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ ഏകീകൃത ഇന്ത്യയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് 1942ലെ ക്രിപ്‌സ് മിഷനെയും 1946ലെ കാബിനറ്റ് മിഷന്‍ പ്ലാനിനെയും ചൂണ്ടിക്കാട്ടി മൊഡ്യൂള്‍ തെറ്റായി ഉദ്ധരിക്കുന്നു. പാകിസ്താന്‍ എന്ന ആശയം ക്രിപ്‌സ് മിഷനിലും കാബിനറ്റ് മിഷന്‍ പ്ലാനിലും ഉള്‍ക്കൊണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ രണ്ടു പ്ലാനുകളും അംഗീകരിക്കാത്തതിന് കോണ്‍ഗ്രസിനെ മൊഡ്യൂള്‍ കുറ്റപ്പെടുത്തുന്നു. മുഹമ്മദലി ജിന്ന നേരിട്ടുള്ള നടപടിയിലേക്ക് കടന്നെന്നും 1946 ആഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ കൊലപാതകങ്ങള്‍ നടന്നെന്നും മൊഡ്യൂള്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ മൂന്നുപേരാണ് വിഭജനത്തിന് കാരണമത്രെ. ഒന്ന്: ജിന്ന വിഭജനം ആവശ്യപ്പെട്ടു, രണ്ട്: കോണ്‍ഗ്രസ് അത് അംഗീകരിച്ചു. മൂന്ന്: ലോര്‍ഡ് മൗണ്ട്ബാറ്റണ്‍ അത് നടപ്പാക്കി. പക്ഷേ, മൗണ്ട് ബാറ്റണ്‍ അതിന് കാരണക്കാരനല്ല.പക്ഷേ, മൊഡ്യൂളുകള്‍ വാദിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് യാഥാര്‍ത്ഥ്യം.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് തോളോട് തോള്‍ ചേര്‍ന്ന് പോരാടിയ 1857ലെ കലാപത്തിനുശേഷം ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന ദീര്‍ഘകാല തന്ത്രത്തിന്റെ ഫലമായിരുന്നു ഇന്ത്യയുടെ വിഭജനം. ഏകദേശം ഒരു നൂറ്റാണ്ട് നീണ്ടുനിന്ന, ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഈ ദീര്‍ഘകാല ശ്രമത്തിന്റെ ഫലം 'വിഭജിച്ച് നാടുവിടുക' എന്നതായി, അതായത്, വിഭജനം.

ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് ആയുധപ്പുരയിലെ വിവിധ തന്ത്രങ്ങളില്‍ ഒന്ന് മതത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന ആശയമായിരുന്നു. അത് മതത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീയ രാഷ്ട്രീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതും ആയിരുന്നു. മുസ്‌ലിം ലീഗിന്റെ രൂപീകരണം ഒരു 'കമാന്‍ഡ് പെര്‍ഫോമന്‍സ്' ആയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ ഹിന്ദു അല്ലെങ്കില്‍ സിഖ് വിഭാഗങ്ങളില്‍ നിന്നുള്ള വര്‍ഗീയ സംഘടനകളോട് ദയാവായ്പുള്ള സമീപനം സ്വീകരിച്ചു.

ഒടുവില്‍, ഇന്ത്യന്‍ സമൂഹം ചരിത്രപരമായി എല്ലായ്‌പ്പോഴും മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നതായും മുസ്‌ലിം ഭരണത്തിന് കീഴിലുള്ള മതപരമായ സംഘര്‍ഷങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ വരുന്നതായും കാണിച്ച് അവര്‍ ചരിത്രം മാറ്റിയെഴുതി.

വളര്‍ന്നുവരുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനെതിരെ കോട്ടയായി പ്രവര്‍ത്തിച്ചുകൊണ്ട് വര്‍ഗീയ പാര്‍ട്ടികള്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ ബ്രിട്ടീഷ് കൊളോണിയല്‍ വ്യാഖ്യാനം വര്‍ഗീയവാദികള്‍ സ്വീകരിക്കുകയും ജനപ്രിയമാക്കുകയും ചെയ്തു. എന്‍സിഇആര്‍ടി മൊഡ്യൂളുകള്‍ അതേ കൊളോണിയല്‍-വര്‍ഗീയ പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നു.

ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്രത്തെ 'വെള്ളപൂശുന്നു' എന്ന വിമര്‍ശനം വര്‍ഗീയവാദികള്‍ ഉന്നയിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി 'വൈകാരിക പ്രചാരണങ്ങള്‍' നടത്തുന്നതായും 'സ്വദേശികളും വിദേശികളും' എന്ന ദ്വന്ദ്വത്തിലേക്ക് സംവാദം പരിമിതപ്പെടുത്തുന്നതായും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരേ ആരോപണം ഉയര്‍ത്തി. 'വര്‍ഗീയത ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങള്‍ക്കും ബ്രിട്ടീഷ് ഭരണാധികാരികളെ കുറ്റപ്പെടുത്തുന്ന'തായും അവര്‍ ആരോപിച്ചു. ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുടെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളെ ദേശീയവാദികള്‍ നിരന്തരം അവഗണിക്കുന്നതായും ആരോപിച്ചു.

ഹിന്ദുക്കളും മുസ്‌ലിംകളും എപ്പോഴും സംഘര്‍ഷത്തിലാണെന്ന കൊളോണിയല്‍ വാദം ഉന്നയിക്കപ്പെടുന്നു, ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായി, ബ്രിട്ടീഷുകാരെയല്ല, മുസ്‌ലിംകളെയാണ് മൊഡ്യൂളുകള്‍ ലക്ഷ്യമിടുന്നത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു വര്‍ഗീയ ശക്തികള്‍ ചെയ്തതുപോലെ, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളല്ല, മുസ്‌ലിംകളാണ് യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന വാദം ഉന്നയിക്കപ്പെടുന്നു. മുസ്‌ലിംകളല്ലാത്തവരുമായി മുസ്‌ലിംകള്‍ക്ക് സ്ഥിരമായതോ തുല്യമായതോ ആയ ബന്ധം സാധിക്കില്ലെന്ന് പറയാന്‍ 'രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രം' എന്ന വാക്കാണ് അവര്‍ ഉപയോഗിക്കുന്നത്. ഈ തത്വം നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരമായി പ്രയോഗിക്കപ്പെടുന്നതാണ്, ഇന്നും അത് കാണാന്‍ കഴിയും.

1940 മാര്‍ച്ച് 22ലെ ജിന്നയുടെ നിലപാട് ദീര്‍ഘമായി ഉദ്ധരിക്കുന്നു:

''ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് വ്യത്യസ്ത മത തത്ത്വചിന്തകളിലും സാമൂഹിക ആചാരങ്ങളിലും പെട്ടവരാണ്. അവര്‍ പരസ്പരം വിവാഹിതരാകുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല, വാസ്തവത്തില്‍, അവര്‍ പരസ്പരവിരുദ്ധമായ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും അടിസ്ഥാനമാക്കിയുള്ള രണ്ട് വ്യത്യസ്ത നാഗരികതകളില്‍ പെട്ടവരാണ്, ജീവിതത്തെ കുറിച്ചുള്ള അവരുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ചരിത്രത്തിന്റെ വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് വ്യക്തമാണ്. അവര്‍ക്ക് വ്യത്യസ്ത ഇതിഹാസങ്ങളും വ്യത്യസ്ത നായകന്മാരും വ്യത്യസ്ത എപ്പിസോഡുകളുമുണ്ട്. മിക്കപ്പോഴും ഒരാളുടെ നായകന്‍ മറ്റൊരാളുടെ ശത്രുവാണ്,അതുപോലെ, അവരുടെ വിജയങ്ങളും പരാജയങ്ങളും ഓവര്‍ലാപ്പ് ചെയ്യുന്നു.''

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടാത്തത് 'ഹിന്ദുത്വ' ഐക്കണ്‍ വി ഡി സവര്‍ക്കര്‍ മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തമാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1937ല്‍, ഹിന്ദു മഹാസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സവര്‍ക്കര്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു:

''ഇന്ത്യയെ ഇന്ന് ഒരു ഏകീകൃതവും ഒരു ജനതയുമുള്ള രാഷ്ട്രമായി കണക്കാക്കാന്‍ കഴിയില്ല, മറിച്ച്, ഇന്ത്യയില്‍ പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്, ഹിന്ദുക്കളും മുസ്‌ലിംകളും.'' ബ്രിട്ടീഷ് കൊളോണിയല്‍ വാദം ജിന്നയേക്കാള്‍ വിശദമായി ആവര്‍ത്തിക്കുമ്പോള്‍, അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലുള്ള നൂറ്റാണ്ടുകളുടെ സാംസ്‌കാരിക, മത, 'ദേശീയ വൈരാഗ്യത്തെ' പരാമര്‍ശിക്കുന്നു.

മുകളില്‍ പറഞ്ഞ പ്രസ്താവന രേഖപ്പെടുത്തിയ മൊഡ്യൂളിന്റെ തലക്കെട്ട് 'ഇന്ത്യയില്‍ രണ്ട് വിരുദ്ധ രാഷ്ട്രങ്ങളുണ്ട്' എന്നാണ്.

വിഭജനത്തിന് ഉത്തരവാദികളായവരുടെ പട്ടികയില്‍ ഹിന്ദു വര്‍ഗീയവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് തീര്‍ച്ചയായും വിരോധാഭാസമാണ്. പ്രധാന 'കുറ്റവാളികള്‍' ദേശീയ നേതാക്കളാണ്, ദേശീയ പ്രസ്ഥാനത്തിന്റെ മുഴുവന്‍ സ്‌പെക്ട്രവും-മിതവാദികള്‍, തീവ്രവാദികള്‍, ഗാന്ധിയന്മാര്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, വിപ്ലവകാരികള്‍ - ഇന്ത്യയ്ക്ക് വ്യത്യാസങ്ങളോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു നീണ്ട നാഗരിക ചരിത്രമുണ്ടെന്ന് വിശ്വസിച്ചിരുന്നു, വൈവിധ്യത്തെ ആഘോഷിച്ചവര്‍, ഹിന്ദു-മുസ്‌ലിം ഐക്യത്തില്‍ വിശ്വസിച്ചവര്‍, മതേതരവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, മാനുഷികവും, ജനാധിപത്യപരവുമായ ഒരു 'ഇന്ത്യ എന്ന ആശയം' സ്വപ്‌നം കണ്ടവര്‍.

1885ല്‍ സ്ഥാപിതമായതുമുതല്‍, മതപരമായ വര്‍ഗീയ വിഭജനത്തിനെതിരെ നിരന്തരം പോരാടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വലിയ നേതാവ് മഹാത്മാഗാന്ധി വിഭജനത്തിന്റെ പ്രധാന 'കുറ്റവാളികളില്‍' ഒരാളായി ചിത്രീകരിക്കപ്പെടുന്നു!. ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി വാദിച്ച അദ്ദേഹത്തിനെതിരേ ഹിന്ദു വര്‍ഗീയവാദികള്‍ ഉയര്‍ത്തിയ പ്രചാരണത്തിന്റെ ഫലമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം എന്ന കാര്യം നമുക്ക് മറക്കരുത്. യാഥാര്‍ത്ഥ്യബോധമില്ലാത്ത 'വൈകാരിക' പ്രചാരണമായി അതിനെ എന്‍സിഇആര്‍ടി മൊഡ്യൂളുകള്‍ തള്ളിക്കളയുന്നു.

വെറുപ്പുള്ള ധ്രുവീകരിക്കപ്പെട്ട ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചരിത്രത്തെ വളച്ചൊടിക്കലല്ലെങ്കില്‍, ഇതെന്താണെന്ന് ഒരാള്‍ക്ക് ആശ്ചര്യപ്പെടാം. 'വിഭജന ഭീകരത'യുടെ പേരില്‍ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിംകളോടുള്ള വെറുപ്പാണ്. ഹിന്ദുവോ മുസ്‌ലിമോ ആയ വര്‍ഗീയ പ്രത്യയശാസ്ത്രം എന്തുണ്ടാക്കുമെന്ന് അത് കാണിക്കുന്നില്ല. മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന ഹിന്ദു വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വ്യാപകമായ പ്രചാരണങ്ങളെ കുറിച്ച് അത് മുന്നറിയിപ്പ് നല്‍കുന്നില്ല.

മൊഡ്യൂളുകളിലെ എല്ലാ വിവരണങ്ങളും കൊല്ലപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഹിന്ദുക്കളെയും സിഖുകാരെയും പരാമര്‍ശിക്കുന്നു, ഹിന്ദു വര്‍ഗീയവാദി തന്നെ കൊല്ലുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് മഹാത്മാവ് നടത്തിയ അവസാന ഉപവാസം ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയാനായിരുന്നു എന്നത് നാം മറക്കരുത്!

ഈ വികലമായ ധ്രുവീകരണ ചരിത്രത്തെ സ്‌കൂള്‍ കുട്ടികളുടെ ആര്‍ദ്രമായ മനസ്സുകളിലേക്ക് പകര്‍ന്നു നല്‍കുന്നു എന്നതാണ് ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം.

Next Story

RELATED STORIES

Share it