Sub Lead

അലോപ്പതിക്കെതിരായ മോശം പരാമര്‍ശം: ബാബാ രാംദേവിനെതിരേ കേസെടുത്തു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ ഛത്തീസ്ഗഢ് യൂനിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 188, 269, 504 തുടങ്ങിയ വകുപ്പുകളും ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തത്.

അലോപ്പതിക്കെതിരായ മോശം പരാമര്‍ശം: ബാബാ രാംദേവിനെതിരേ കേസെടുത്തു
X

റായ്പൂര്‍: കൊവിഡ് 19 ചികില്‍സയ്ക്കായി അലോപ്പതി മേഖലയില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിനു യോഗ ഗുരു ബാബാ രാംദേവിനെതിരേ പോലിസ് കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് രാംകൃഷ്ണ യാദവ് എന്ന ബാബാ രാംദേവിനെതിരേ ബുധനാഴ്ച രാത്രി കേസ് ഫയല്‍ ചെയ്തതെന്ന് റായ്പൂരിലെ മുതിര്‍ന്ന പോലിസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ ഛത്തീസ്ഗഢ് യൂനിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 188, 269, 504 തുടങ്ങിയ വകുപ്പുകളും ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലിസ് പറഞ്ഞു.

ആശുപത്രി ബോര്‍ഡ് ഐഎംഎ(സിജി) ചെയര്‍മാന്‍ ഡോ. രാകേഷ് ഗുപ്ത, ഐഎംഎയുടെ റായ്പൂര്‍ പ്രസിഡന്റ് വികാസ് അഗര്‍വാള്‍ എന്നിവരാണ് നേരത്തെ പരാതി നല്‍കിയ ഡോക്ടര്‍മാര്‍. പരാതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി, രാംദേവ് മെഡിക്കല്‍ സംഘടനകള്‍, ഇന്ത്യന്‍ സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), മറ്റു മുന്‍നിര സംഘടനകള്‍ എന്നിവ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരേ തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്താവനകളും പ്രചരിപ്പിക്കുന്നതായി ആരോപിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ബാബാ രാംദേവിന്റെ തെറ്റിദ്ധാരണ പരത്തുന്ന നിരവധി വീഡിയോകള്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സര്‍ക്കാരും ഭരണകര്‍ത്താക്കളുമെല്ലാം ഒരുമിച്ച് കൊവിഡ് 19 നെ നേരിടുന്ന ഒരു സമയത്ത്, രാംദേവ് സ്ഥാപിതവും അംഗീകൃതവുമായ ചികില്‍സാ രീതികളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

90 ശതമാനം രോഗികളെയും സുഖപ്പെടുത്തുന്ന ആധുനിക മെഡിക്കല്‍ സൗകര്യങ്ങളെയും അലോപ്പതി മരുന്നുകളെയും കുറിച്ചുള്ള രാംദേവിന്റെ പരാമര്‍ശം ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്നതായും ആരോപിക്കുന്നുണ്ട്. പരാതി സംബന്ധിച്ച അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ലംഘനമാണിതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Chhattisgarh Police File FIR Against Baba Ramdev for 'Misleading' Remarks on Allopathy

Next Story

RELATED STORIES

Share it