Sub Lead

സെബാസ്റ്റ്യന്‍ തന്ത്രശാലിയായ സീരിയല്‍ കില്ലറോ ? (video)

സെബാസ്റ്റ്യന്‍ തന്ത്രശാലിയായ സീരിയല്‍ കില്ലറോ ? (video)
X

കേരളം നിരവധി സീരിയല്‍ കില്ലര്‍മാരെ കണ്ടിട്ടുണ്ട്. ഏകദേശം 14 പേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന റിപ്പര്‍ ചന്ദ്രന്‍, കൊല്ലം നഗരത്തിലെ കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്ന ഏഴു പേരെ കൊലപ്പെടുത്തിയ മൊട്ട നവാസ്, ഏഴു പേരെ കൊലപ്പെടുത്തിയ റിപ്പര്‍ ജയാനന്ദന്‍, സ്വന്തം കുടുംബത്തിലെ ആറു പേരെ സയനൈഡ് കൊടുത്തു കൊന്ന ജോളി ജോസഫ് തുടങ്ങിയവരാണ് പ്രമുഖര്‍. അതില്‍ ജോളി ഒഴികെയുള്ളവര്‍ മുന്‍ പരിചയമില്ലാത്തവരെയാണ് കൊലപ്പെടുത്തിയിരുന്നത്.

എന്നാല്‍, സ്ത്രീകളുടെ വിശ്വാസം പിടിച്ചുപറ്റി അവരുടെ സ്വര്‍ണവും പണവും ആഭരണവും തട്ടുകയും കൊല്ലുകയും ചെയ്തുവെന്നു കരുതുന്ന ഒരു ആലപ്പുഴ സ്വദേശിയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ കൊല്ലുന്നതിന് മുമ്പ് സൂത്രത്തില്‍ സമ്പത്ത് തട്ടിയോ അതോ കൊലപ്പെടുത്തിയ ശേഷം സമ്പത്ത് തട്ടിയോ, ശരിയ്ക്കും എന്താണ് നടന്നത് എന്നൊന്നും വ്യക്തമായി സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പറഞ്ഞുവരുന്നത് ആലപ്പുഴ പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യനെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് കാലമായി കാണാതായ നാലു സ്ത്രീകള്‍ക്ക് സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് പോലിസിനെ കുഴയ്ക്കുന്നത്.

ഇന്ന് പള്ളിപ്പുറത്തെ സെബാസ്റ്റിയന്റെ രണ്ടര ഏക്കര്‍ വരുന്ന വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘത്തിന് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്താനായി. ഏകദേശം 20 അസ്ഥിക്കഷ്ണങ്ങളാണ് മണ്ണുനീക്കിയുള്ള പരിശോധനയില്‍ ലഭിച്ചത്. കാടുപിടിച്ചു കിടക്കുന്ന വീട്ടുവളപ്പിലെ കുളത്തിനെ കുറിച്ചും പോലിസിന് സംശയമുണ്ട്. ഈ കുളത്തില്‍ മാംസം ഭക്ഷിക്കുന്ന മീനുകളെ വളര്‍ത്തിയതായാണ് അനുമാനം. അതിനാല്‍ തന്നെ കുളം വറ്റിച്ച് പരിശോധിച്ചു. കുളത്തിലെ പരിശോധനയില്‍ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവര്‍ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തില്‍ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂര്‍ണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീകള്‍ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്. മണ്ണില്‍ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. പക്ഷേ, സെബാസ്റ്റ്യന്‍ പോലിസുമായി സഹകരിക്കുന്നില്ല.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യന്‍ ഒറ്റക്കു താമസിക്കുന്നതോ കാര്യമായി ബന്ധക്കാരോ ഭര്‍ത്താവോ ഇല്ലാത്ത സ്വത്തുള്ള സ്ത്രീകളെ കണ്ടെത്തിയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. എന്തായാലും ബിന്ദു പത്മനാഭന്‍, ഐഷ, ജെയ്‌നമ്മ, സിന്ധു എന്നിവരുടെ തിരോധാനത്തില്‍ സെബാസ്റ്റിയന് പങ്കുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.

ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭനെ കാണാനില്ലെന്ന് കാട്ടി 2017 സെപ്റ്റംബറിലാണ് സഹോദരന്‍ പ്രവീണ്‍ കുമാര്‍ പരാതി നല്‍കിയത്. സെബാസ്റ്റ്യനുമായി ബിന്ദു 2003 മുതല്‍ അടുത്ത ബന്ധംപുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വന്നിട്ടുള്ളതായും മൊഴി ലഭിച്ചിരുന്നു. ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യന്‍ മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യന്‍ പ്രതിയായിരുന്നു.

പഞ്ചായത്ത് മുന്‍ ജീവനക്കാരി ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷയെ 2012 മേയ് 13 നാണ് കാണാതായത്. സെബാസ്റ്റ്യന്റെ വസ്തു കച്ചവടത്തിലെ സുഹൃത്തായിരുന്ന റോസമ്മയുടെ കൂട്ടുകാരിയായിരുന്നു 58 കാരിയായ ഐഷ. മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കാമെന്ന് സെബാസ്റ്റ്യന്‍ ഐഷയ്ക്ക് ഓഫര്‍ നല്‍കിയിരുന്നു. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് ഐഷ വീട്ടില്‍ നിന്നിറങ്ങി. പിന്നീട് അവരെ ആരും കണ്ടിട്ടില്ല.

പാലായിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ് കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായില്‍ വീട്ടില്‍ ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സ്വത്തിടപാടുണ്ടായിരുന്നു. ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെയിനമ്മയെ 2024 ഡിസംബര്‍ 23നാണ് കാണാതായത്. സഹോദരനും പിന്നീട് ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം നടക്കുന്നത്. ജൈനമ്മയുടെ ഫോണിന്റെ സിഗ്‌നല്‍ അവസാനമായി കണ്ടത് സെബാസ്റ്റ്യന്റെ വീടിന്റെ ഭാഗത്താണ്. അതാണ് കേസില്‍ സെബാസ്റ്റ്യനെ കുടുക്കിയത്. ജെയ്‌നമ്മയുടെ സ്വര്‍ണം സെബാസ്റ്റ്യന്‍ വിറ്റെന്ന് കണ്ടെത്തിയിരുന്നു. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ടയില്‍വച്ച് റീച്ചാര്‍ജും ചെയ്തിരുന്നു.

ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ വീട്ടിലും പറമ്പിലും നടത്തിയ പരിശോധനയില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങളും ഡീസല്‍ കാനുകളുമെല്ലാം കണ്ടെത്തിയിരുന്നു. തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം എന്നിവയാണ് ലഭിച്ചത്. ജെയ്‌നമ്മയ്ക്ക് കഌപ്പിട്ട പല്ലുണ്ടായിരുന്നില്ല. എന്നാല്‍ ഐഷയ്ക്ക് കഌപ്പിട്ട പല്ലുണ്ടായിരുന്നു.

2020 ഒക്ടോബര്‍ 19ന് കാണാതായ സിന്ധുവിന്റെ തിരോധാനത്തിലും സെബാസ്റ്റിയന് പങ്കുണ്ടെന്നാണ് പോലിസ് കരുതുന്നത്. തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധു അവിടെ വഴിപാട് നടത്തിയിരുന്നു. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പിന്നീട് വിവരങ്ങളൊന്നുമില്ല.

ബിന്ദുപത്മനാഭനെ കാണാതായ സംഭവത്തില്‍ 2017 മുതല്‍ സെബാസ്റ്റ്യന്‍ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. പലതവണ പോലിസും പിന്നീടു െ്രെകംബ്രാഞ്ചും സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വീടിന്റെ പലഭാഗത്തും കുഴിച്ചും വീടിനുള്ളില്‍ പലരീതിയിലും നടത്തിയ പരിശോധനകളിലൊന്നും തെളിവുകളൊന്നും ലഭിച്ചില്ല. 2017 ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും മതിയായ വിവരങ്ങള്‍ ലഭിച്ചില്ല. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും സെബാസ്റ്റ്യന്‍ വിസമ്മതിച്ചതിനാല്‍ അതും നടന്നില്ല.

ജെയ്‌നമ്മ എത്തിയതിനെക്കുറിച്ച് 6 മാസം മുന്‍പ് പോലിസ് പള്ളിപ്പുറത്ത് അന്വേഷണം നടത്തിയിരുന്നു. കാണാതായ ദിവസങ്ങളില്‍ ജെയ്‌നമ്മയുടെ ടവര്‍ ലൊക്കേഷന്‍ പള്ളിപ്പുറത്തായിരുന്നതിനാലാണ് ഇത്. ജെയ്‌നമ്മയുടെ ചിത്രം പള്ളിപ്പുറത്തെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇട്ട് തെളിവുകള്‍ തേടിയെങ്കിലും ഒന്നും ലഭിച്ചില്ല. അതേസമയം, അടുത്തിടെയും ജെയ്‌നമ്മയുടെ ഫോണില്‍ നിന്നും സഹോദരിക്ക് മിസ്ഡ് കോള്‍ വന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മേലുകാവിലാണെന്ന് കണ്ടെത്തി. അവിടെ പോലിസും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പോലിസ് സംശയിക്കുന്നുണ്ട്.

അതി ബുദ്ധിശാലിയായ ഒരു കുറ്റവാളിയാണ് സെബാസ്റ്റിയനെന്നാണ് പോലിസ് കരുതുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യാനും അത് പതിറ്റാണ്ടുകള്‍ ഒളിപ്പിക്കാനും 2017 മുതലുള്ള പോലിസ് അന്വേഷണങ്ങളെ മറികടക്കാനും സാധാരണ മനസാന്നിധ്യം പോരാതെ വരും. പക്ഷേ, സെബാസ്റ്റ്യന്റെ വളപ്പില്‍ നിന്ന് ലഭിച്ച മനുഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ അന്വേഷണത്തില്‍ വഴിത്തിരിവാവുമെന്നാണ് പോലിസ് കരുതുന്നത്. സെബാസ്റ്റിയനെ പോലെ ആത്മവിശ്വാസമുള്ള ഒരാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടാവുമെന്നാണ് അനുമാനം. അതിനാല്‍ തന്നെ എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്നും സമീപകാലത്തു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it