Sub Lead

ഗുജറാത്ത് വംശഹത്യ: 14 സാക്ഷികളുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ഗുജറാത്ത് വംശഹത്യ: 14 സാക്ഷികളുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
X

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ വിവിധ കേസുകളിലെ 14 സാക്ഷികള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വംശഹത്യാക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 2009 മുതല്‍ വിന്യസിച്ച 150 സിഐഎസ്എഫ് ജവാന്‍മാരുടെ സേവനമാണ് പിന്‍വലിച്ചിരിക്കുന്നത്. വംശഹത്യയില്‍ 39 പേര്‍ കൊല്ലപ്പെട്ട മഹിസാര്‍ ജില്ലയിലെ പണ്ഡര്‍വാലെ ഗ്രാമത്തിലെ 10 സാക്ഷികളുടെയും ദഹോദ്, പഞ്ച്മഹല്‍ ജില്ലകളില്‍ നിന്നുള്ള നാലുസാക്ഷികളുടെയും സുരക്ഷയാണ് ഇതോടെ ഇല്ലാതായത്.

2009ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷ പിന്‍വലിച്ചത് ശരിയായ നടപടിയല്ലെന്ന് സാക്ഷികളായ അഖ്തര്‍ ഹുസൈന്‍ ശെയ്ഖും മരിയം യാക്കൂബ് സെയ്ദും പറഞ്ഞു. '' വംശഹത്യയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്നും ഭയമാണ്. സിഐഎസ്എഫ് ജവാന്‍മാര്‍ നല്‍കിയിരുന്ന സുരക്ഷ വലിയ ആശ്വാസമായിരുന്നു. സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയല്ല. ആശങ്കയില്ലാതെ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷ തുടരണം''-ശെയ്ഖ് പറഞ്ഞു. സുരക്ഷ പിന്‍വലിക്കാന്‍ താന്‍ ആരോടും വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. '' ആഴ്ച്ചയില്‍ രണ്ടുതവണ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഇന്നും പ്രദേശത്ത് എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ ഗ്രാമവാസികള്‍ നാടുവിടും. ആളുകള്‍ക്ക് ഇപ്പോഴും ഭയമാണ്.''-അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it