Sub Lead

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഫലസ്തീന്‍ തെരുവുകളില്‍ വിജയാഘോഷം

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഫലസ്തീന്‍ തെരുവുകളില്‍ വിജയാഘോഷം
X

ഗസ സിറ്റി: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ കഴിഞ്ഞ 11 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് വിരാമം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മുതലാണ് ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ ഫലസ്തീന്‍ തെരുവുകളില്‍ ജനം വിജയാഘോഷത്തിലാണ്. ഉപാധികളില്ലാത്ത വെടിനിര്‍ത്തലിനുള്ള ഈജിപ്തിന്റെ ശുപാര്‍ശകള്‍ ഇസ്രായേല്‍ മന്ത്രിസഭ ഐക്യകണ്‌ഠ്യേന അംഗീകരിച്ചതായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ അറിയിച്ചത്.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ് ലാമിക് ജിഹാദും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. അതേസമയം, വെടിനിര്‍ത്തല്‍ ആഘോഷമായി ഗസയിലെയും ഫലസ്തീന്‍ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകളില്‍ ഒഴുകിയെത്തി. കൊടികള്‍ പറത്തിയും വിജയ ചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അവര്‍ ആശ്വാസവിജയം നേടിയ പ്രതീതിയിലാണ്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 65 കുട്ടികളടക്കം 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ രണ്ട് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു.

അതിനിടെ, ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള പോരാട്ടത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ ഗൗരവതരമായ ശ്രമങ്ങള്‍ നടത്തണമെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കുന്നതിനപ്പുറം പോരാട്ടത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കാനായി ഗൗരവതരമായ ഒരു ചര്‍ച്ച ആരംഭിക്കാന്‍ ഇസ്രായേല്‍, ഫലസ്തീന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഗസ. വിഭജനം ഇല്ലാതാക്കുന്ന യഥാര്‍ത്ഥ അനുരഞ്ജനത്തിനുള്ള ഒരു ശ്രമവും ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു.


വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള യുഎസ് നയതന്ത്ര ശ്രമത്തെ ഈജിപ്ത് പ്രസിഡന്റ് അല്‍-സിസി പ്രശംസിച്ചു. ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയുടെ വിജയത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പങ്ക് അഭിനന്ദനം അര്‍ഹിക്കുന്നതായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ റാമല്ലയിലും ഫലസ്തീനികള്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. വെടിക്കെട്ടും പചക്കള്‍ പൊട്ടിച്ചുമാണ് ആഘോഷം. വെടിനിര്‍ത്തലിനെ വിജയമെന്ന് വിശേഷിപ്പിച്ച ഫലസ്തീനികള്‍ അല്ലാഹുവിനെ സ്തുതിക്കുന്ന വാക്കുകള്‍ പള്ളികളിലെ ഉച്ചഭാഷിണികളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ആക്രമണം അവസാനിപ്പിച്ചതിന് ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള യുഎസ് സൈനിക പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കിയതായും ജോ ബൈഡന്‍ പറഞ്ഞു. ഫലസ്തീനികളെ ഭിന്നിപ്പിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ തന്ത്രം പരാജയപ്പെട്ടതായി ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകന്‍ അകിവ എല്‍ദാര്‍ പറഞ്ഞു. വിഭജിക്കുക എന്നതായിരുന്നു ഇസ്രായേല്‍ തന്ത്രമെന്നും അത് പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it