Sub Lead

ജാര്‍ഖണ്ഡ് ജഡ്ജിയുടെ അപകട മരണം കൊലപാതകമോ ? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

ജാര്‍ഖണ്ഡ് ജഡ്ജിയുടെ അപകട മരണം കൊലപാതകമോ ? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ദുരൂഹസാഹചര്യത്തില്‍ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദിനെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് ആസൂത്രിത കൊലപാതകമാണെന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് രാവിലെ ഓടിക്കൊണ്ടിരിക്കെ വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെ ധന്‍ബാദില്‍ ജഡ്ജി ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിയോടെ വിജനമായ റോഡിലൂടെ ജഡ്ജി ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ വരികയായിരുന്ന ഒരു ഓട്ടോറിക്ഷ ജഡ്ജിക്കുനേരേ പാഞ്ഞുചെല്ലുന്നതും ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുപോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ ജഡ്ജി റോഡരികിലേയ്ക്ക് തെറിച്ചുവീഴുന്നുമുണ്ട്.

റോഡില്‍ രക്തസ്രാവമുണ്ടായി അവശനിലയിലാണ് ജഡ്ജിയെ പിന്നീട് കണ്ടെത്തുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. രാവിലെ 7 മണിയായിട്ടും തിരിച്ചെത്താത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലിസ് അറിയിച്ചു. ഒടുവില്‍ റോഡപകടത്തില്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പോലിസ് കണ്ടെത്തുകയായിരുന്നു. ഓട്ടോ മനപ്പൂര്‍വം ഇടിച്ചിട്ടതാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പോലിസ് പറയുന്നു. ജഡ്ജിയെ തട്ടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഓട്ടോ മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പോലിസ് അന്വേഷണം ശക്തമാക്കിയത്. ഉത്തം ആനന്ദ് പരിഗണിച്ച പ്രധാന കേസുകളുടെ വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്. ധന്‍ബാദ് നഗരത്തിലെ രാഷ്ട്രീയ ബന്ധമുള്ളതും ചില കൊടും ക്രിമിനലുകള്‍ക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജാര്‍ഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it