Sub Lead

കത് വ ഫണ്ട് വകമാറ്റിയെന്ന പരാതി: സി കെ സുബൈറിനും പി കെ ഫിറോസിനും എതിരേ കേസെടുത്തു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഒരു കോടിയോളം രൂപ എത്തിയെന്നും ഇത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

കത് വ ഫണ്ട് വകമാറ്റിയെന്ന പരാതി:  സി കെ സുബൈറിനും പി കെ ഫിറോസിനും എതിരേ കേസെടുത്തു
X

കോഴിക്കോട്: കത് വ ഫണ്ട് പിരിവില്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനും സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനുമെതിരേ പോലിസ് കേസെടുത്തു. സി കെ സുബൈറാണ് ഒന്നാം പ്രതി. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലിസാണ് ഇരുവര്‍ക്കുമെതിരെ ഐ.പി.സി 420 പ്രകാരം കേസെടുത്തത്.

കത്‌വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടിയാണ് യൂത്ത് ലീഗ് ഫണ്ട് പിരിവ് നടത്തിയത്. ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19, 20 തീയതികളില്‍ സി.കെ സുബൈര്‍ പത്രത്തില്‍ പരസ്യം നല്‍കി പണം പിരിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഒരു കോടിയോളം രൂപ എത്തിയെന്നും ഇത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

കത്‌വ ഫണ്ട് തിരിമറിയില്‍ യൂത്ത് ലീഗിനെതിരെ സിപിഎമ്മും മന്ത്രി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് പണം ഇരയുടെ കുടുംബത്തിന് നല്‍കിയത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ജലീല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗിന് എതിരെ ആക്ഷേപം ഉന്നയിച്ചവര്‍ പരാതിയുമായി വന്നാല്‍ തുടര്‍ നടപടി സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ' യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങളുടെ പ്രസ്താവന പ്രധാനം ആണ്. പിരിച്ചെടുത്ത പണം എത്ര, എങ്ങിനെ നല്‍കി എന്നെല്ലാം യൂത്ത് ലീഗ് വ്യക്തമാക്കണം. ബാങ്ക് വഴി ആണോ നല്‍കിയത്? ഏത് ബാങ്ക്? ഏത് അകൗണ്ട് എന്നിവ വ്യക്തമാക്കണം ' ജലീല്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് കേസ് നടത്താന്‍ ആണെങ്കില്‍ ഏത് വക്കീലിന് ആണ് പണം നല്‍കിയത് ? ചെക്ക് ആയി ആണോ ? നേരിട്ട് ആണോ എന്ന് വ്യക്തമാക്കണം. ' രസീത് പോലും ഇല്ലാതെ പിരിച്ച പണം എങ്ങനെ ചെലവഴിച്ചു എന്ന് പാര്‍ട്ടി ഘടകങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോരാ. ഏതൊക്കെ ശാഖയില്‍ നിന്ന് എത്ര ഒക്കെ പിരിഞ്ഞു കിട്ടി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെലവാക്കിയതിന്റെ കണക്ക് പറയാന്‍ കഴിയില്ലെങ്കില്‍ പണം പിരിക്കരുതെന്ന് മുന്‍പ് സുനാമി ഫണ്ട് വിവാദം ഉണ്ടായ സമയത്ത് താന്‍ ലീഗ് നേതാക്കളോട് പറഞ്ഞിരുന്നു. കൊടുത്തില്ലെങ്കില്‍ ആരും കുറ്റം പറയില്ല. പിരിച്ചതിന് ശേഷം കൊടുക്കാതിരിക്കുകയും കണക്ക് നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ അങ്ങനെ അല്ല. ലീഗിന്റെ പണപ്പിരിവ് ജനാധിപത്യ മാര്‍ഗങ്ങളെ അംഗീകരിച്ചല്ല എന്നും ജലീല്‍ പറഞ്ഞു.

മുന്‍പ് രോഹിത് വെമുല യുടെ കുടുംബത്തിന് എത്ര പണം നല്‍കി എന്ന് കൂടി വ്യക്തമാക്കണമെന്നും ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ കത്വ ഫണ്ട് തിരിമറി നടത്തിയെന്ന വിവാദത്തില്‍ അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖി മുഖേനയാണ് ദീപിക പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ഇതിനു തെളിവായി അവര്‍ വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഹാജരാക്കാന്‍ തയാറാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് ഹാജരായത്. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി. തുടര്‍ന്നാണ് മുബീന്‍ ഫറൂഖി കേസ് ഏറ്റെടുത്തതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it