Sub Lead

മന്ത്രിസഭാ പുനസംഘടന: ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇ പി ജയരാജന്‍

മന്ത്രിസഭാ പുനസംഘടന: ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇ പി ജയരാജന്‍
X

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കേണ്ടാത്ത സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാവുമെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. എല്‍ഡിഎഫില്‍ എല്ലാപാര്‍ട്ടികള്‍ക്കും പങ്കാളിത്തമുള്ള ഒരു ഭരണസംവിധാനമാണ്. നിയമസഭയല്‍ ഒരു അംഗം മാത്രമാണ് ഉള്ളതെങ്കില്‍ കൂടി അവരെക്കൂടി പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കും അഞ്ച് വര്‍ഷം മന്ത്രിസ്ഥാനം കൊടുക്കുകയെന്നത് പറ്റാത്ത സാഹചര്യത്തിലാണ് നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം എല്‍ഡിഎഫ് പരസ്യമായി പറഞ്ഞതുമാണ്. ആ ഒരു ധാരണയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ആ ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷ് കുമാര്‍ ഒരു മന്ത്രിയാവാതിരിക്കത്തക്ക നിലയിലുള്ള പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ മുന്നിലില്ല. നിയമസഭയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മുഖവിലയ്ക്ക് എടുത്ത് നിലപാട് സ്വീകരിക്കാന്‍ കഴിയുമോ?. ആരെ കുറിച്ചൊക്കെ എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ഓരോ ഘടകകക്ഷികള്‍ക്കും എല്‍ഡിഎഫില്‍ തുല്യപ്രാധാന്യമുണ്ട്. എല്ലാവരും ആലോചിച്ചുമാത്രമേ മുന്നോട്ടുപോവൂ. രണ്ടരവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനിയുമുണ്ടല്ലോ ദിവസങ്ങളെന്നും ജയരാജന്‍ പറഞ്ഞു. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാവുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. ഷംസീര്‍ സ്പീക്കറായിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. എവിടെ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അല്ലെങ്കില്‍ ഇന്നയാള്‍ വ്യക്തമാക്കിയെന്ന് പറയൂ. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനം ആയിട്ട് തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it