Big stories

ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ക്രൂരമായ ആക്രമണം(വീഡിയോ)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ എത്തിയ സംഘം പാകിസ്താനില്‍ പോയി കളിക്കൂ എന്നാക്രോശിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു

ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ക്രൂരമായ ആക്രമണം(വീഡിയോ)
X



ഗുഡ്ഗാവ്:
ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ വീട്ടില്‍ക്കയറി ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബോണ്ട്‌സി വില്ലേജില്‍ വ്യാഴാഴ്ച വൈകീട്ടാണ് ഒരുസംഘം ക്രിക്കറ്റ് കളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റുമായി സ്ത്രീകളെയും പുരുഷന്‍മാരെയും അതിക്രൂരമായി ആക്രമിച്ചത്. ഹോളി ആഘോഷദിവസമുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേര്‍ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കാണ്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ എത്തിയ സംഘം പാകിസ്താനില്‍ പോയി കളിക്കൂ എന്നാക്രോശിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയും മൂന്നുവര്‍ഷമായി ഭാര്യ സമീനയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പം ഗ്രാമത്തില്‍ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് സാജിദിനും അനന്തരവന്‍ സാജിദിനും നേരെയാണ് ആക്രമണമുണ്ടായത്. ഭൂപ്നഗര്‍ വില്ലേജിലെ വീടിന്റെ ടെറസിനു മുകളില്‍ കയറിയ 15 അംഗ സംഘം വടിയും ക്രിക്കറ്റ് സ്റ്റംപും മറ്റും ഉപയോഗിച്ച് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം മര്‍ദ്ദിക്കുന്നുണ്ട്. കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ മുകള്‍ നിലയിലേക്ക് അക്രമിസംഘം എത്താതിരിക്കാന്‍ വാതില്‍ തടഞ്ഞുനിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. താഴത്തെ നിലയില്‍നടക്കുന്ന ആക്രമണം വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ തന്നെ സ്ത്രീകളുടെ കാതടപ്പിക്കുന്ന കരച്ചിലും കേള്‍ക്കാം. യാതൊരു ദയയുമില്ലാതെ തലയ്ക്കും മറ്റു ഭാഗങ്ങളിലും സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടാണ് വീഡിയോ യൂ ട്യൂബില്‍ ഷെയര്‍ ചെയ്തത്. വിവിധ മാധ്യമങ്ങളെയും എഎപി പോലുള്ള പാര്‍ട്ടികളെയും ടാഗ് ചെയ്താണ് വീഡിയോ ഉള്ളതെങ്കിലും ആക്രമണത്തെ കുറിച്ച് കൃത്യമായ വിവരം പറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണത്തെ കുറിച്ച് പോലിസും അറിയുന്നത്. പ്രതികളെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ ചിലര്‍ ഹോളി ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായും പറയപ്പെടുന്നുണ്ട്. പരിക്കേറ്റവര്‍ ആശുപത്രി വിട്ടെന്നും അപകട നില തരണം ചെയ്‌തെന്നും പോലിസ് പറഞ്ഞു. എന്നാല്‍, സംഭവത്തിനു പിന്നില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കമാണെന്നാണ് പോലിസ് പറയുന്നത്. പോലിസ് ആള്‍ക്കൂട്ട ആക്രമണമെന്ന് വിശേഷിപ്പിക്കുന്ന വീഡിയോ ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ഹിന്ദു-മുസ്‌ലിം പ്രശ്‌നമെന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടന്നതായും സോന അസി. പോലിസ് കമ്മീഷണര്‍ ദിനേഷ്‌കുമാര്‍ പറഞ്ഞു.

വൈകീട്ട് 5നും 5.30നും ഇടയില്‍ വീടിന്റെ 50മീറ്റര്‍ അകലെയുള്ള മൈതാനത്ത് ഒരു സംഘം ക്രിക്കറ്റ് കളിക്കുകയായിരുന്നു. മറ്റൊരു സംഘത്തിലെ രണ്ടുപേര്‍ മോട്ടോര്‍ ബെക്കിലെത്തി കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് നിഷേധിച്ചതോടെ കൈയേറ്റമുണ്ടായി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും 15 തുന്നലിടുകയും ചെയ്തു. പരിക്കേറ്റയാള്‍ പിന്നീട് സുഹൃത്തുക്കളെയും കൂട്ടി വന്ന് വീട്ടില്‍ കഴിയുകയായിരുന്നയാള്‍ക്കു നേരെ പ്രതികാരം ചെയ്യുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. വീടിന്റെ ജനലുകളും മറ്റും അടിച്ചുതകര്‍ത്ത സംഘം സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ച ശേഷം ടെറസിലൂടെ രക്ഷപ്പെടുകയായിരുന്നു. ടെറസിനു മുകള്‍ നിലയിലുള്ള സ്ത്രീകളും യുവാക്കളുമടങ്ങുന്നവരുടെ കൂട്ടക്കരച്ചില്‍ അടങ്ങുന്ന വീഡിയോ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളെ വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞെന്നും സാമുദായിക പ്രശ്‌നമാണെന്ന അഭ്യൂഹം കുപ്രചാരണമാണെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഹിമാന്‍ഷു ഗാര്‍ഗും പറഞ്ഞു. സംഭവത്തില്‍ 15പേര്‍ക്കെതിരേ കലാപം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവയ്ക്ക് ഐപിസി സെക്ഷന്‍ 148, നിയമവിരുദ്ധമായി സംഘം ചേരല്‍-149, വധശ്രമം-307, മുറിവേല്‍പിക്കല്‍-323 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം ഭോണ്ട്‌സി പോലിസ് കേസെടുത്തിട്ടുണ്ട്.


Next Story

RELATED STORIES

Share it