Sub Lead

ടൂള്‍ കിറ്റ് കേസ്: മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം

നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ടൂള്‍ കിറ്റ് കേസ്: മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം
X

മുംബൈ: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബർ​ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് ബോംബെ ഹൈക്കോടതി അനുവദിച്ചത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. 25,000 രൂപ കെട്ടിവെക്കണം.

നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡല്‍ഹി പോലിസ് വാദിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പോലിസിന്റെ ഈ അവകാശവാദം കോടതി തള്ളി. കേസില്‍ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.

ടൂള്‍ കിറ്റില്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ടതോ ആയ പരാമര്‍ശങ്ങള്‍ ഇല്ലെന്നും നികിതയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂള്‍ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഖലിസ്ഥാന്‍ പ്രസ്ഥാനവുമായി നികിത ജേക്കബിന് ബന്ധമുണ്ടെന്ന ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍ തമാശയായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് നികിതയെന്നും പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യമുണ്ടെന്നതൊഴിച്ചാല്‍ അവര്‍ക്ക് മറ്റൊരു പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മിഹിര്‍ ദേശായി വ്യക്തമാക്കി.

നേരത്തെ ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ശന്തനു മുലുകിന് അറസ്റ്റില്‍ നിന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇടക്കാല സംരക്ഷണം നല്‍കി. പത്തുദിവസത്തെ സംരക്ഷണമാണ് കോടതി നല്‍കിയത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ശന്തനുവിന് ഡല്‍ഹി കോടതിയെ സമീപിക്കാം.

Next Story

RELATED STORIES

Share it