Sub Lead

നായ്ക്കട്ടിയില്‍ മരിച്ചയാളുടെ കടയില്‍ ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തി; ഉമ്മ പൊട്ടിത്തെറിച്ചത് മകളുടെ മുന്നില്‍

ഫോറന്‍സിക്ക് സംഘവും പൊലിസും നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.

നായ്ക്കട്ടിയില്‍ മരിച്ചയാളുടെ കടയില്‍ ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തി; ഉമ്മ പൊട്ടിത്തെറിച്ചത് മകളുടെ മുന്നില്‍
X

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ നായ്ക്കട്ടിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക്ക് സംഘവും പൊലിസും നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.

സ്‌ഫോടനത്തില്‍ നായ്ക്കട്ടി സ്വദേശിയായ അംല നാസര്‍, അയല്‍വാസി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്തതാണോ അതോ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ബെന്നി അംലയെയും അപകടത്തില്‍പ്പെടുത്തിയതാണോ എന്ന കാര്യം ഇനിയും വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ബത്തേരി മൈസൂര്‍ ദേശീയപാതയ്ക്കരികെ നായ്ക്കട്ടിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അംലയുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

മരിച്ച ബെന്നിയും അംലയുടെ കുടുംബവും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഇരുവരെപ്പറ്റിയും ആര്‍ക്കും മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. നായ്ക്കട്ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അംലയും. അംലയുടെ പേരിലായിരുന്നു അക്ഷയ കേന്ദ്രം ഉണ്ടായിരുന്നത്. മൂലങ്കാവ് സ്വദേശിയായ ബെന്നി ആശാരിപ്പണിയെടുത്ത് ഫര്‍ണിച്ചര്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദര്‍ശകനായിരുന്നു. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് എല്ലാവരും ഈ ബന്ധത്തെ കണ്ടിരുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് അംലയുടെ വീട്ടില്‍ ബെന്നി എത്തുമ്പോള്‍ ദേഹത്ത് തോട്ട (സ്‌ഫോടക വസ്തു) വച്ച് കെട്ടിയിരുന്നു. മൂന്ന് പെണ്‍കുട്ടികളാണ് നാസര്‍-അംല ദമ്പതികള്‍ക്ക്. ഇവരില്‍ മൂത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഇളയ മകളുടെ കണ്‍മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടിയുടെ ദേഹത്ത് ഉമ്മയുടെ ശരീരം ചിന്നി ചിതറിയ മാംസ കഷണങ്ങളും രക്തവും തെറിച്ചു. ഇരുവരുടെയും മൃത ദേഹങ്ങള്‍ പല കഷണങ്ങളായി മുറിയിലാകെ ചിതറി. പോലിസ് ഏറെ നേരം പണിപ്പെട്ടാണ് ബെന്നിയുടെയും അമലിന്റെ യും ശരീരാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചത്.

Next Story

RELATED STORIES

Share it