Sub Lead

ശിവസേന പിന്നില്‍നിന്ന് കുത്തി; സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി, മഹാരാഷ്ട്രയില്‍ കരുനീക്കങ്ങള്‍ സജീവം

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസാന തിയ്യതി തിങ്കളാഴ്ചയാണ്.

ശിവസേന പിന്നില്‍നിന്ന് കുത്തി; സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി, മഹാരാഷ്ട്രയില്‍ കരുനീക്കങ്ങള്‍ സജീവം
X

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കേണ്ടതില്ലെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസാന തിയ്യതി തിങ്കളാഴ്ചയാണ്. ഇതിനിടെയാണ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ബിജെപി എത്തിയത്. വിവരം കാവല്‍ മുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് ഗവര്‍ണറെ അറിയിച്ചു.

എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കട്ടെയെന്ന് ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ പിന്‍മാറുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. മുന്നണിയായി മല്‍സരിച്ച ശേഷം ശിവസേന പിന്നില്‍നിന്നും കുത്തിയെന്ന് ബിജെപി ആരോപിച്ചു. ഒന്നിച്ചുപ്രവര്‍ത്തിക്കാനാണ് ജനവിധിയുണ്ടായത്. എന്നാല്‍, ശിവസേന ഇതിനെ അപമാനിച്ച് എന്‍സിപിയും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞു. 288 അംഗ നിയമസഭയില്‍ 105 എംഎല്‍എമാരാണ് മഹാരാഷ്ട്രയില്‍ ബിജെപിക്കുള്ളത്.

സ്വതന്ത്രരടക്കം 125 പേരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ 144 പേരുടെ പിന്തുണ ആവശ്യമാണ്. ഇത്രയും പേരുടെ പിന്തുണ ഇല്ലെന്ന നിലപാടിലാണ് ബിജെപി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉടക്കി നില്‍ക്കുന്ന ശിവസേനയുമായി അവസാന നിമിഷം വരെ അനുനയ ശ്രമങ്ങള്‍ക്ക് ബിജെപി ശ്രമിച്ചിരുന്നെങ്കിലും അവ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സംസ്ഥാന ഘടകമെത്തിയത്. മുഖ്യമന്ത്രി പദം പങ്കിട്ടുകൊണ്ടുള്ള വിട്ടുവീഴ്ച ചെയ്ത് ശിവസേനയുമായി ചേര്‍ന്ന് ഇനി സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളില്ലെന്നും ബിജെപി പറയുന്നു. ശിവസേന ഇനി കോണ്‍ഗ്രസ്- എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെയുണ്ടാവുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു.

ബിജെപി സര്‍ക്കാരുണ്ടാക്കുന്നില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും. ബിജെപി സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് എന്‍സിപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള കരുനീക്കങ്ങള്‍ കോണ്‍ഗ്രസും സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എഐസിസി മുതിര്‍ന്ന നേതാക്കളെ നിരീക്ഷകരായി മഹാരാഷ്ട്രയിലേക്ക് അയക്കും. ഇനി സേനയെയോ എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമോയെന്നും അറിയാനുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ആര്‍ക്കും കഴിയാതെ വന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും.

Next Story

RELATED STORIES

Share it