Sub Lead

ക്രിസ്ത്യാനിയുടെ വീട്ടുമതിലിലെ ബൈബിള്‍ വചനം മായ്പ്പിച്ച് ബിജെപിക്കാര്‍

ക്രിസ്ത്യാനിയുടെ വീട്ടുമതിലിലെ ബൈബിള്‍ വചനം മായ്പ്പിച്ച് ബിജെപിക്കാര്‍
X

കൊല്ലം: ക്രിസ്തുമത വിശ്വാസിയുടെ വീടിന്റെ മതിലിലെ ബൈബിള്‍ വചനം മായ്പ്പിച്ച് ബിജെപിക്കാര്‍. പത്തനാപുരം പിടവൂര്‍ സത്യന്‍മുക്കിലുള്ള പെന്തകോസ്ത് സഭ വിശ്വാസിയുടെ വീടിന്റെ മതിലില്‍ എഴുതിയിരുന്ന വചനത്തിനെതിരേ ബിജെപി തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മതിലില്‍ ഉണ്ടായിരുന്ന വചനമാണ് ഇത്.

''ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷ കാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ച്പറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.''-1 കൊരിന്ത്യര്‍ 6 : 9 - 10 (വിശുദ്ധ ബൈബിള്‍) എന്നാണ് മതിലില്‍ എഴുതിയിരുന്നത്. ഇതിലെ വിഗ്രഹാരാധികള്‍ എന്ന വാക്കാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്.

ഇതേ തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ മതിലില്‍ എഴുതിയിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് ബൈബിള്‍ വചനമാണെന്നും, മായ്ക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. മതില്‍ തന്നെ പൊളിച്ചുകളയുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പോലിസ് വിഷയത്തില്‍ ഇടപെടേണ്ട സ്ഥിതി രൂപപ്പെട്ടു. തങ്ങള്‍ക്ക് വചനം മായ്ക്കാന്‍ ആവില്ലെന്നും പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മായ്ക്കാമെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. ഇതോടെ പൊലീസ് സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഒത്തു തീര്‍പ്പ് ശ്രമത്തിലെത്തി. തുടര്‍ന്ന്, പോലിസ് സാന്നിധ്യത്തില്‍ വിഗ്രഹാരാധികള്‍ എന്ന വാക്ക് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി.

ഈ പ്രവര്‍ത്തി ചെയ്യിപ്പിച്ച വ്യക്തികളോട് കര്‍ത്താവ് ക്ഷമിക്കേണ്ടതിനും, ഇവരുടെയും ഇവരുടെ കുടുംബങ്ങളുടെയും മാനസാന്തരത്തിനും, ഇവരും ഈ ദേശവും വരും നാളുകളില്‍ ദൈവ സ്‌നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കുവാന്‍ ദൈവ നാമത്തില്‍ അപേക്ഷിക്കുന്നതായി വിശ്വാസികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it