Sub Lead

ബിജെപിയുടെ കള്ളപ്പണക്കേസ്; തല്‍സമയ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന് ഇഡിയുടെ ഭീഷണി

അധികം സ്മാര്‍ട്ടാവാന്‍ ശ്രമിക്കരുത് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ സന്ദേശമെന്ന് വിനു തന്നെയാണ് ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയത്.

ബിജെപിയുടെ കള്ളപ്പണക്കേസ്; തല്‍സമയ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന് ഇഡിയുടെ ഭീഷണി
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായെത്തിച്ച ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ് സംബന്ധിച്ച ചര്‍ച്ച നയിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് അവതാരകനും ഏഷ്യാനെറ്റ് ന്യൂസ് കോ-ഓഡിനേറ്റിങ് എഡിറ്ററുമായ വിനു വി ജോണിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ ഭീഷണി. ചൊവ്വാഴ്ച രാത്രി ഏഷ്യാനെറ്റില്‍ തല്‍സമയ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിനുവിന്റെ ഫോണിലേക്ക് ഇഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്. അധികം സ്മാര്‍ട്ടാവാന്‍ ശ്രമിക്കരുത് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ സന്ദേശമെന്ന് വിനു തന്നെയാണ് ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയത്.

ഉദ്യോഗസ്ഥന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സഹചര്യം വരുമ്പോള്‍ ആരാണെന്ന് വിളിച്ചുപറയുമെന്നും വിനു വ്യക്തമാക്കി. കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂര്‍, ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഋഷി പല്‍പ്പു, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെയായിരുന്നു വിനുവിന് ഇ ഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്.

ഒരു സിഗരറ്റ് കൂടില്‍ എഴുതിക്കൊടുത്താല്‍ പോലും അന്വേഷണത്തിനെത്തുമായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ എവിടെയെന്ന് വിനു ചോദിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നീക്കത്തെപ്പറ്റിയും വിനു രൂക്ഷമായ ഭാഷയിലാണ് ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചത്. അധികം വൈകാതെ ഭീഷണി സന്ദേശവുമെത്തി. ഭീഷണിയെ പേടിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ അന്വേഷിച്ച് ജയിലില്‍ അടക്കൂവെന്നും വിനു ചര്‍ച്ചയില്‍ വെല്ലുവിളിച്ചു. ഇഡി ഉദ്യോഗസ്ഥന്റെ ഭീഷണി എടുത്തുപറഞ്ഞാണ് വിനു ചര്‍ച്ച അവസാനിപ്പിച്ചത്.

വിനുവിന്റെ വാക്കുകള്‍:

നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസ്സിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും. അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ.

ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം. വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോള്‍ പോലും പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കോടിക്കണക്കിന് ഹവാലാ പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. ഇഡി ഏമാന്‍മാരുടെ ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്ന് മാത്രമെ എനിക്ക് പറയാന്‍ കഴിയൂ. കൂടുതല്‍ സ്മാര്‍ട്ടാവേണ്ടെന്ന് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ.

Next Story

RELATED STORIES

Share it