Sub Lead

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലപാതകം

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ശനിയാഴ്ച സഹാറന്‍പൂരിലെ ദിയോബന്ദിലെ വസതിയില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു സംഭവം. റാങ്കണ്ടി റെയില്‍വേ ക്രോസിങ്ങിന് സമീപം ബൈക്കിലെത്തിയ രണ്ടുപേര്‍ ധാരാ സിങ്ങിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലപാതകം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പ്രാദേശിക പഞ്ചസാര മില്ലില്‍ സെക്ടര്‍ ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന ബിജെപി നേതാവ് ധാരാ സിങ് (47) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ശനിയാഴ്ച സഹാറന്‍പൂരിലെ ദിയോബന്ദിലെ വസതിയില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു സംഭവം. റാങ്കണ്ടി റെയില്‍വേ ക്രോസിങ്ങിന് സമീപം ബൈക്കിലെത്തിയ രണ്ടുപേര്‍ ധാരാ സിങ്ങിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ധാരാ സിങ്ങിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് സഹാറന്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലയാളികളെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോയെന്നറിയാന്‍ മരിച്ചയാളുടെ കുടുംബാംഗങ്ങളോട് സംസാരിച്ചുവരികയാണെന്നും എസ്എസ്പി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ എട്ടിനാണ് ദിയോബന്ദില്‍ ബിജെപി നേതാവ് ചൗധരി യശ്പാല്‍ സിങ്ങിനെ സമാനമായ രീതിയില്‍ വെടിവച്ച് കൊലപ്പെടുത്തുന്നത്. രണ്ടുദിവസത്തിന് ശേഷമാണ് മറ്റൊരു ബിജെപി നേതാവ് കബീര്‍ തിവാരി ബസ്തിയില്‍ വെടിയേറ്റ് മരിക്കുന്നത്.

വിദ്യാര്‍ഥി നേതാവ് കൂടിയായിരുന്നു കബീര്‍ തിവാരി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ സംഘം പ്രദേശത്ത് ആക്രമണം അഴിച്ചുവിടുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ബസ്തി എസ്പി പങ്കജ് കുമാറിനെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പങ്കജ് കുമാറിന്റെ അശ്രദ്ധയാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it