Sub Lead

അസം കരാർ നടപ്പാക്കുമെന്ന് ബിജെപി സഖ്യകക്ഷിയായ എജിപി

2015 ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ എജിപിക്ക് നിലവിൽ 13 എം‌എൽ‌എമാരുണ്ട്.

അസം കരാർ നടപ്പാക്കുമെന്ന് ബിജെപി സഖ്യകക്ഷിയായ എജിപി
X

ഗുവാഹത്തി: 1971 മാർച്ച് 25 ന് ശേഷം സംസ്ഥാനത്തേക്ക് വന്ന അഭയാർഥികളെയും കുടിയേറ്റക്കാരെയും സർക്കാർ കണ്ടെത്തി നാടുകടത്തണമെന്ന് നിഷ്കർഷിക്കുന്ന 1985 ലെ അസം കരാർ നടപ്പാക്കുമെന്ന് ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത്. അസം ​ഗണ പരിഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഈ വാ​ഗ്ദാനം നൽകിയിരിക്കുന്നത്. പാർലമെന്റ് പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമർശമില്ല.

അസം ഉടമ്പടിക്ക് വിരുദ്ധമായ നിയമമാണ് 2019ലെ പൗരത്വ ഭേദ​ഗതി നിയമം. പതിറ്റാണ്ടുകളായി ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം അസമിലെ ഒരു പ്രധാന രാഷ്ട്രീയ പ്രശ്നമാണ്. അസം കരാർ പൂർണ്ണമായും നടപ്പാക്കുന്നത് ഞങ്ങളുടെ പാർട്ടിയുടെ ആദ്യത്തേതും പ്രധാനവുമായ ലക്ഷ്യവും കടമയുമാണ്. അസം കരാറിലെ ആറാം വകുപ്പ് അനുസരിച്ച് തദ്ദേശവാസികളുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്രകടന പത്രികയിൽ പറയുന്നു.

അസം കരാര്‍ എന്നാല്‍ എന്ത്?

അസമില്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1950 ല്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1951 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കേണ്ടതായിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരേ അസമിൽ 1979 മുതല്‍ ആറു വര്‍ഷത്തോളം വന്‍ പ്രക്ഷോഭം ഉണ്ടായി.

മാങ്കല്‍ഡോയ് സീറ്റില്‍ നിന്നുള്ള ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ആയിരുന്നു പ്രക്ഷോഭം. 1980 നും 1984 നും ഇടയില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രക്ഷോഭകരുമായി ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഒരു തീര്‍പ്പും ഉണ്ടായില്ല. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം, രാജീവ് ഗാന്ധി പ്രക്ഷോഭകരുമായി ഒരു സമ്മതപത്രത്തില്‍ ഒപ്പിട്ടു. തുടര്‍ന്ന്, പ്രക്ഷോഭത്തിനു അന്ത്യം കുറിച്ചു.

പ്രക്ഷോഭത്തിനു അവസാനം കണ്ടത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും പ്രക്ഷോഭകരും തമ്മില്‍ ഒരു സമ്മതപത്രത്തില്‍ ഒപ്പിട്ടതിലൂടെയാണ്. ഈ സമ്മതപത്രത്തെയാണ് അസം കരാര്‍ എന്നു വിളിക്കുന്നത്. 1985 ല്‍ സ്വതന്ത്ര്യ ദിനത്തിന്റെ അന്നേ ദിവസമാണ് കരാര്‍ ഒപ്പിട്ടത്. അസം കരാറിന്റെ 15 വകുപ്പുകളില്‍, പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ ഇവയാണ്.

വിദേശികളുടെ പ്രശ്‌നം, സാമ്പത്തിക വികസനം, വിദേശികള്‍ക്ക് സ്ഥാവര വസ്തുക്കള്‍ എടുക്കാനുള്ള നിയന്ത്രണം, സര്‍ക്കാര്‍ ഭൂമികളുടെ കയ്യേറ്റം തടയല്‍, ജനന- മരണ രജിസ്‌ട്രേഷനുകള്‍, പ്രാദേശിക ജനതകളുടെ രാഷ്ട്രീയ, സാമുഹീക, സാമ്പത്തിക, സാംസ്‌കാരിക വ്യക്തിത്വത്തിന്റെ സംരക്ഷണം ഉറപ്പാക്കൽ തുടങ്ങിയവയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം.

വിദേശികളുടെ പ്രശ്‌നങ്ങള്‍, അതായത്, അസമിലെ വിദേശികളെ കണ്ടെത്തുക, വോട്ടര്‍ പട്ടികയില്‍ നിന്നും അവരുടെ പേരുകള്‍ കണ്ടെത്തുക, പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ അവരെ നാടുകടത്തുക എന്നിവയാണ് അസം കരാറിന്റെ 5ാം വകുപ്പ്. അസം കരാറിന്റെ 5ാം വകുപ്പ് വ്യത്യസ്തമായ ഇടപെടലുകള്‍ക്കു കീഴിലും തിരിച്ചറിയലിനായി മൂന്ന് തലങ്ങളുടെ കീഴിലും വിദേശികളെ തരംതിരിക്കുകയുണ്ടായി.

1967 ലെ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടവരും 1966 ജനുവരി 1 നു മുമ്പ് അസമില്‍ എത്തിയ എല്ലാവരും ഉള്‍പ്പെടെ നിയമാനുസൃതമാകുമെന്ന് അസം കരാറിലെ അഞ്ചാം വകുപ്പില്‍ പറയുന്നു. 1965 ഡിസംബര്‍ 31 വരെ അസമില്‍ അനധികൃതമായി കുടിയേറിയവര്‍ക്ക് വോട്ടവകാശത്തോടെയുള്ള പൗരത്വം ഉടനടി നല്‍കണം.

അസം കരാറിന്റെ ആറാം വകുപ്പ് പറയുന്നത്, ഭരണഘടനാ, നിയമനിർമ്മാണ, ഭരണപരമായ സുരക്ഷകൾ ഉചിതമായിരിക്കും, അസമീസ് ജനതയുടെ സംസ്കാരം, സാമൂഹിക, ഭാഷാപരമായ സ്വത്വം, പൈതൃകം എന്നിവ പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായിരിക്കും.

ആറുവർഷമായി നീണ്ട പ്രക്ഷോഭത്തിന് ശേഷമാണ് 1985 ൽ എജിപി രൂപീകരിച്ചത്. പാർട്ടി രണ്ടുതവണ അധികാരത്തിലുണ്ടായിരുന്നുവെങ്കിലും കരാറിന്റെ ആറാം വകുപ്പ് പൂർണ്ണമായും നടപ്പാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 2015 ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ എജിപിക്ക് നിലവിൽ 13 എം‌എൽ‌എമാരുണ്ട്. അസം കരാറിനോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടി എൻ‌ഡി‌എ സർക്കാർ 2016 ൽ പാർലമെന്റിൽ അവതരിപ്പിച്ച സി‌എ‌എയെ പാർട്ടി എതിർത്തിരുന്നു. ബില്ലിൽ പ്രതിഷേധിച്ച് അതിന്റെ മന്ത്രിമാർ 2018 ൽ രാജിവച്ചിരുന്നു. എന്നാൽ അവർ പിന്നീട് രാജി പിൻവലിച്ചു.

Next Story

RELATED STORIES

Share it