Sub Lead

ബിഹാര്‍ തിരഞ്ഞെടുപ്പ്: 243 സീറ്റുകളില്‍ ഫലം പ്രഖാപിച്ചു; 125 സീറ്റോടെ എന്‍ഡിഎക്ക് വിജയം; 110 സീറ്റില്‍ മഹാസഖ്യം

ബിഹാര്‍ തിരഞ്ഞെടുപ്പ്: 243 സീറ്റുകളില്‍ ഫലം പ്രഖാപിച്ചു; 125 സീറ്റോടെ എന്‍ഡിഎക്ക് വിജയം; 110 സീറ്റില്‍ മഹാസഖ്യം
X

പട്‌ന: പതിനെട്ടര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആവേശം നിറഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ച 243 സീറ്റുകളില്‍ 125 എണ്ണം എന്‍ഡിഎ നേടി. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റുകള്‍ നേടി.ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10 ഓടെയാണ് അവസാനിച്ചത്.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ജെ.ഡി.യുവിന് 43 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. എട്ട് സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടമായത്. അതേസമയം, മഹാസഖ്യത്തില്‍ നിന്ന് മത്സരിച്ച ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിക്ഷിക്കാത്ത മുന്നേറ്റമാണ് നേടിയത്. 16 സീറ്റുകളാണ് ഇടത് പാര്‍ട്ടികള്‍ മഹാസഖ്യത്തിന് നേടിക്കൊടുത്തത്. ലാലു പ്രസാദ് യാദവിന്റെ 31 കാരനായ മകന്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള ആര്‍ജെഡി 75 സീറ്റ് സ്വന്തമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 74 സീറ്റുമായി എന്‍ഡിഎ മുന്നണിയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. തുടര്‍ച്ചയായ നാലാം തവണയും ഭരിക്കാനുള്ള അവസരം നിതീഷ് കുമാറിന് ലഭിക്കുമെങ്കിലും ജെഡിയുവിന്റെ സീറ്റുകള്‍ 43ല്‍ ഒതുങ്ങി.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. 65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതേസമയം മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്ന് പറഞ്ഞ് ആര്‍.ജെ.ഡി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചു.




Next Story

RELATED STORIES

Share it