Sub Lead

ഇസ്രായേല്‍ പ്രധാനമന്ത്രി ഈജിപ്തിലെത്തി അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി

ഒരു ദശാബ്ദത്തിനിടെ ജൂതരാഷ്ട്രത്തിന്റെ ഒരു പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഈജിപ്ഷ്യന്‍ സന്ദര്‍ശനമാണിത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ഈജിപ്തിലെത്തി അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി
X

കെയ്‌റോ: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തി. ഒരു ദശാബ്ദത്തിനിടെ ജൂതരാഷ്ട്രത്തിന്റെ ഒരു പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഈജിപ്ഷ്യന്‍ സന്ദര്‍ശനമാണിത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നവും നയതന്ത്രബന്ധവും ചര്‍ച്ചയായി.

ജൂണ്‍ മാസത്തില്‍ അധികാരത്തിലേറിയ തീവ്ര വലതുപക്ഷ യാമിന പാര്‍ട്ടിയുടെ തലവന്‍ നഫ്താലി ബെനറ്റ് തിങ്കളാഴ്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി സീനായ് ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള ശറം അശ്ശൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള 'സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍' ഇരുവരും ചര്‍ച്ച ചെയ്തതായി പ്രസിഡന്റ് വക്താവ് ബസ്സാം റാദി പറഞ്ഞു. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കാമലും ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാല്‍ ഹൊലാറ്റയും പങ്കെടുത്ത യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ചര്‍ച്ച ചെയ്യപ്പെട്ടു. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള 'ഭാവിയില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ക്ക് ഒരു അടിത്തറ' സൃഷ്ടിക്കാന്‍ കൂടിക്കാഴ്ച സഹായിച്ചതായി ബെന്നറ്റ് സ്വദേശത്തേക്ക്് മടങ്ങുന്നതിന് മുമ്പ് പറഞ്ഞു. നയതന്ത്ര, സുരക്ഷ, സാമ്പത്തിക മേഖലകളിലെ നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും 'ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും നമ്മുടെ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍' ചര്‍ച്ചയായി. ഗസ മുനമ്പിനെ സുരക്ഷിതമാക്കുന്നതിലും കാണാതായ ഇസ്രായേലികളുടേയും ബന്ദിയാക്കപ്പെട്ട ഇസ്രായേലികളുടേയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിലും ഈജിപ്തിന്റെ 'സുപ്രധാന പങ്കിനെ' ബെന്നറ്റ് പ്രശംസിക്കുകയും ചെയ്തു.

പതിറ്റാണ്ടുകളുടെ ശത്രുതയ്ക്ക് ശേഷം 1979ല്‍ ഇസ്രായേലുമായി ഒരു സമാധാന ഉടമ്പടി ഒപ്പിട്ട ആദ്യത്തെ അറബ് രാജ്യമാണ് ഈജിപ്ത്. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താനുള്ള ഈജിപ്തിന്റെ ശ്രമവും, മേഖലയിലെ പുനര്‍നിര്‍മാണത്തിനുള്ള അന്താരാഷ്ട്ര പിന്തുണയുടെ പ്രാധാന്യവും ചര്‍ച്ചയില്‍ സീസി എടുത്തപറഞ്ഞതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയിലൂടെ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും ഈജിപ്ത് പിന്തുണക്കുന്നതായി സീസി പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it