Sub Lead

കുടിക്കാന്‍ മൂത്രം കൊടുത്തു; പോലിസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദനവും വര്‍ഗീയ അധിക്ഷേപവും

കുടിക്കാന്‍ മൂത്രം കൊടുത്തു; പോലിസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദനവും വര്‍ഗീയ അധിക്ഷേപവും
X

ബംഗളൂരു: പോലിസ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവിന് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിന് ശേഷം മറ്റൊരു പോലിസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വന്നു. പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന പരാതിയുമായി തൗസീഫ് പാഷ(22)യും കുടുംബവുമാണ് രംഗത്തെത്തിയത്. പോലിസിന്റെ ക്രൂരപീഡനത്തില്‍ തൗസീഫ് പാഷയുടെ ജനനേന്ദ്രിയത്തിലും തുടയിലും പുറംഭാഗത്തും തലയിലും പരിക്കേറ്റിട്ടുണ്ട്.

'ഞാന്‍ മൂന്ന് മണിക്കൂറോളം മര്‍ദനത്തിന് ഇരയായി. ശരീരം മുഴുവന്‍ മുറിവേറ്റിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റുന്നില്ല. എന്നെ തല്ലുകയും താടി വടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ചവിട്ടുകയും ചെയ്തു. രാത്രി രണ്ടോടെ തുടങ്ങിയ പീഡനം പുലര്‍ച്ചെ വരെ നീണ്ടു. അവര്‍ എന്റെ കൈകളും കാലുകളും ബന്ധിക്കുകയും ഒരു മരത്തിന്റെ ബാറ്റുകൊണ്ട് എന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു'. പോലിസ് കസ്റ്റഡിയില്‍ നേരിട്ട മനുഷ്യത്വരഹിതമായ മര്‍ദനത്തെ കുറിച്ച് തൗസീഫ് വിവരിച്ചു.

'ഒരു സുഹൃത്തുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനില്‍ എത്തിയത്. പരാതി നല്‍കിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി പിന്‍വലിച്ചു. പരാതി പിന്‍വലിച്ചതിന് ശേഷവും എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ഞാന്‍ വെള്ളം ചോദിച്ചപ്പോള്‍ അവര്‍ ഒരു കുപ്പിയില്‍ മൂത്രം ഒഴിച്ച് തന്ന് കുടിക്കാന്‍ നിര്‍ബന്ധിച്ചു'. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവ് പറഞ്ഞു.

'അവര്‍ എന്നെ ഉറങ്ങാന്‍ അനുവദിച്ചില്ല. എന്നെ സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ നിര്‍ത്തി. സ്‌റ്റേഷനില്‍ തുടര്‍ച്ചയായി മര്‍ദിച്ചു. എന്റെ മുഖത്തും തലയിലും ശരീരമാസകലം അടിച്ചു. സമനില തെറ്റിയത് പോലെയാണ് എന്റെ അവസ്ഥ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല'. തൗസീഫ് പറയുന്നു.

ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ശരീരം മുഴുവന്‍ രക്തം കട്ടപിടിച്ച നിലയിലാണ്. ജനനേന്ദ്രീയത്തില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് രക്തം വരുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷും രണ്ട് കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നാണ് ക്രൂരമായ മര്‍ദനത്തിന് വിധേയനാക്കിയതെന്നും തൗസീഫ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും കെങ്കേരിഗേറ്റ് എസിപിക്കാണ് അന്വേഷണ ചുമതലയെന്നും വെസ്റ്റ് ഡിസിപി സഞ്ജീവ് പാട്ടീല്‍ ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വര്‍ത്തൂരില്‍ പോലിസ് മര്‍ദനത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ എന്ന യുവാവിന്റെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്. വര്‍ത്തൂര്‍ കേസില്‍ ഇരയായ സല്‍മാന്‍ ഖാനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ ദിവസങ്ങളോളം കസ്റ്റഡിയില്‍ പാര്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ നാഗഭൂഷന്‍ ഗൗഡ, കോണ്‍സ്റ്റബിള്‍മാരായ നാഗരാജ് ബിഎന്‍, ശിവരാജ് എച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it