Sub Lead

ഉപതിരഞ്ഞെടുപ്പില്ലാതെ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ മമത; വിധാന്‍ പരിഷത്ത് രൂപീകരിക്കാന്‍ തൃണമൂല്‍

സഭയില്‍ ഹാജരായ 265 എംഎല്‍എമാരില്‍ 196 പേരും വിദാന്‍ പരിഷത്ത് എന്നറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ പിന്തുണച്ചു. 69 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

ഉപതിരഞ്ഞെടുപ്പില്ലാതെ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ മമത; വിധാന്‍ പരിഷത്ത് രൂപീകരിക്കാന്‍ തൃണമൂല്‍
X

കൊല്‍ക്കത്ത: പ്രതിപക്ഷമായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് വിധാന്‍ പരിഷത്ത് (ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍) രൂപവത്കരിക്കാന്‍ അനുമതി നല്‍കുന്ന പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. സഭയില്‍ ഹാജരായ 265 എംഎല്‍എമാരില്‍ 196 പേരും വിദാന്‍ പരിഷത്ത് എന്നറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ പിന്തുണച്ചു. 69 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

അതേസമയം വിധാന്‍ പരിഷത്ത് രൂപവത്കരണ നീക്കത്തിന് നിയമസാധുതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് നടത്താതെ മമതാ ബാനര്‍ജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.

നേരത്തെ പശ്ചിമബംഗാളിന് വിധാന്‍ പരിഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ 1969ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ ഈ സംവിധാനം റദ്ദാക്കി. വിധാന്‍ പരിഷത്ത് പുനഃസ്ഥാപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഗവര്‍ണറുടെ ശുപാര്‍ശയും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയും വിധാന്‍ പരിഷത്ത് രൂപവത്കരണത്തിന് ആവശ്യമാണ്. രാഷ്ട്രപതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

വിധാന്‍ പരിഷത്ത് രൂപവത്കരണത്തിന് അനുകൂല മറുപടി ലഭിക്കാത്തപക്ഷം അത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയാകും. കാരണം മമതാ ബാനര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ നിയമസഭാംഗമല്ല എന്നതു തന്നെ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനത്തു തുടരണമെങ്കില്‍, സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം മമതയ്ക്ക് നിയമസഭാംഗത്വം നേടണം. ഈ ആറുമാസ കാലാവധി ഒക്ടോബറില്‍ അവസാനിക്കും.

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ഉടനെയൊരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയാത്തതാണ് തൃണമൂലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഒരു ഉപരിസഭയുണ്ടെങ്കില്‍ ഉപതിരഞ്ഞെടുപ്പ് വൈകിയാലും മമതയെ നാമനിര്‍ദേശം ചെയ്യാനാവും. അതല്ലാത്ത പക്ഷം ഒരു മമതയ്ക്ക് പുറത്തേക്കുള്ള വഴി തെളിയും.

Next Story

RELATED STORIES

Share it