Sub Lead

പൂനെയിലെ മുസ്‌ലിം വീടുകളില്‍ ഹിന്ദുത്വര്‍ അതിക്രമിച്ചു കയറുന്നത് വ്യാപകമാവുന്നു; പൗരത്വം തെളിയിക്കണമെന്നാണ് ആവശ്യം

പൂനെയിലെ മുസ്‌ലിം വീടുകളില്‍ ഹിന്ദുത്വര്‍ അതിക്രമിച്ചു കയറുന്നത് വ്യാപകമാവുന്നു; പൗരത്വം തെളിയിക്കണമെന്നാണ് ആവശ്യം
X

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്‌ലിം വീടുകളില്‍ കയറി ഹിന്ദുത്വര്‍ പൗരത്വ പരിശോധന നടത്തുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നതായി റിപോര്‍ട്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ കുടുംബവീട്ടില്‍ ഹിന്ദുത്വര്‍ പൗരത്വപരിശോധന നടത്തിയതിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഹവീല്‍ദാറായി സേവനം അനുഷ്ടിച്ചയാളുടെ തലമുറയിലെ ഷംഷാദ് ശെയ്ഖിന്റെ ചന്ദന്‍നഗറിലുള്ള വീട്ടിലെത്തിയാണ് ജൂലൈ 26ന് ഹിന്ദുത്വ സംഘം പരിശോധന നടത്തിയിരുന്നത്. 60-70 ഹിന്ദുത്വരുടെ ഒപ്പം മഫ്തിയിലുള്ള രണ്ടുപോലിസുകാരുമുണ്ടായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വ സംഘത്തിന്റെ അക്രമത്തെ പോലിസുകാര്‍ തടഞ്ഞതുമില്ല. ഷംഷാദിന്റെ അമ്മാവന്‍ ഹക്കീമുദ്ദീന്‍ പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്.

ഷംഷാദിന്റെ വീട്ടില്‍ കയറുന്നതിന് തൊട്ടുമുമ്പ് പ്രദേശത്തെ മറ്റൊരു മുസ്‌ലിം വീട്ടിലും ഹിന്ദുത്വ സംഘം കയറിയിരുന്നതായി ദി സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു. ഈ വീട്ടില്‍ ബംഗ്ലാദേശികളാണ് താമസിക്കുന്നതെന്ന് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പശ്ചാത്തല പരിശോധനകളൊന്നും നടത്താതെ രണ്ടു മഫ്തി പോലിസുകാരെ വിട്ടു നല്‍കിയെന്ന് ചന്ദന്‍ നഗര്‍ ഇന്‍സ്‌പെക്ടര്‍ സീമ ധാക്ക്‌നെ സമ്മതിച്ചു.

പൂനെയില്‍ മുടിവെട്ട് കട നടത്തുന്ന മുഹമ്മദ് സല്‍മാന്റെ വീട്ടിലായിരുന്നു ഹിന്ദുത്വ സംഘം എത്തിയത്. '' വാതിലില്‍ മുട്ടുന്നത് കേട്ട് എന്റെ സഹോദരന്‍ വാതില്‍ തുറന്നു. നിരവധി പേര്‍ വീട്ടിന് അകത്തേക്ക് കയറി. അവര്‍ ജയ് ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു. ആധാര്‍ എടുക്കൂ, പാന്‍ കാര്‍ഡ് എടുക്കൂ, എവിടെ നിന്നാണ് നിങ്ങള്‍ വന്നത്?''-അവര്‍ ചോദിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി ചന്ദന്‍നഗറില്‍ താമസിക്കുന്ന മുഹമ്മദ് സല്‍മാനും കുടുംബത്തിനും അത് ഞെട്ടലുണ്ടാക്കി. പ്രദേശത്ത് മറ്റ് മുസ്‌ലിംകള്‍ താമസിക്കുന്നുണ്ടോയെന്നും മഫ്തിയില്‍ വന്ന പോലിസുകാരന്‍ മുഹമ്മദ് സല്‍മാനോട് ചോദിച്ചത്. പ്രദേശത്തെ പ്രമുഖരായ സൈനിക കുടുംബത്തെ കുറിച്ച് സല്‍മാനാണ് പോലിസിനോട് പറഞ്ഞത്. സൈനിക കുടുംബത്തെ കുറിച്ച് പറഞ്ഞാല്‍ ഉപദ്രവം ഉണ്ടാവില്ലെന്നാണ് സല്‍മാന്‍ കരുതിയത്. പക്ഷേ, ഹിന്ദുത്വ-പോലിസ് സംഘം പ്രകടനമായി സൈനിക കുടുംബത്തിലെ അംഗമായ ഷംഷാദ് ശെയ്ഖിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

'' എന്റെ മുതുമുത്തഛന്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ഹവീല്‍ദാര്‍ ആയിരുന്നു. മുത്തഛന്‍ സുബേദാര്‍ ആയിരുന്നു. മുത്തഛന്റെ സഹോദരന്‍ മധ്യപ്രദേശ് ഡിജിപി ആയിരുന്നു. രണ്ടു അമ്മാവന്‍മാര്‍ സുബേദാര്‍ റാങ്കുള്ളവര്‍ ആയിരുന്നു. ഒരു അമ്മാവന്‍ 1962, 1965, 1971 യുദ്ധങ്ങളില്‍ പോരാടി. മറ്റൊരു അമ്മാവന്‍ 1968, 1971 യുദ്ധങ്ങളില്‍ പങ്കെടുത്തു. എന്റെ സ്വന്തം സഹോദരന്‍ ഹക്കീമുദ്ദീന്‍ 1982ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തു. 2000ത്തില്‍ വിരമിച്ചു.''-ഷംഷാദ് ശെയ്ഖ് നേരത്തെ പറഞ്ഞിരുന്നു.

അസമില്‍ നിന്നുള്ള ചിലര്‍ പ്രദേശത്ത് താമസിക്കുന്നതായി ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ അറിയിച്ചെന്ന് പോലിസ് ഉദ്യോഗസ്ഥ സീമ ധാക്ക്‌നെ പറയുന്നു. ''അത്തരം സൂചനകള്‍ കിട്ടിയാല്‍ ഞങ്ങള്‍ പോലിസുകാരെ കൂടെ അയക്കും. വീട്ടുകാരുടെ തിരിച്ചറിയല്‍ രേഖകളും അവരുടെ മുന്‍ വിലാസങ്ങളുമെല്ലാം ചോദിച്ച് സ്ഥിരീകരിക്കും.''-സീമ ധാക്ക്‌നെ പറഞ്ഞു.

മുസ്‌ലിം വിരുദ്ധതയില്‍ പോലിസിനും പങ്കുണ്ടെന്ന് പൗരാവകാശ സംഘടനയായ പിയുസിഎല്ലിന്റെ ജനറല്‍ സെക്രട്ടറിയായ മിലിന്ദ് കമ്പാനേര്‍ക്കര്‍ ചൂണ്ടിക്കാട്ടി. '' മുടിവെട്ടു കട നടത്തുന്ന ഒരു മുസ്‌ലിം യുവാവിനെ മൂന്നുമാസം മുമ്പ് ഹിന്ദുത്വ സംഘം ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പോലിസ് നടപടികളൊന്നും സ്വീകരിച്ചില്ല. എങ്ങനെയാണ് ബജ്‌റങ്ദള്‍ സംഘവുമായി പോലിസുകാര്‍ റെയ്ഡിന് പോവുന്നത്. മറ്റുള്ളവരുടെ വീടുകളില്‍ അതിക്രമിച്ച് കയറിയതിന് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തോ ?''-മിലിന്ദ് കമ്പാനേര്‍ക്കര്‍ ചോദിച്ചു.

പൂനെയില്‍ വര്‍ഗീയ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അംഗമായ ഫിറോസ് ഖാന്‍ ചൂണ്ടിക്കാട്ടി. പോലിസിന്റെ സഹകരണത്തോടെയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it