Sub Lead

ബാബരി മസ്ജിദ് ഭൂമി കേസ്: സുപ്രിംകോടതി വിധി ഇന്ന് രാവിലെ 10.30ന്

ഇന്ന് അവധിദിനമായിട്ടും ബാബരി കേസില്‍ വിധി പറയാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ബാബരി മസ്ജിദ് ഭൂമി കേസ്: സുപ്രിംകോടതി വിധി ഇന്ന് രാവിലെ 10.30ന്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ ഇന്ന് രാവിലെ 10.30ന് സുപ്രിംകോടതി വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിക്കുക. ഇന്ന് അവധിദിനമായിട്ടും ബാബരി കേസില്‍ വിധി പറയാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഇക്കാര്യം സുപ്രിംകോടതിയുടെ നോട്ടീസായി ഇറങ്ങിയത്.

നൂറ്റാണ്ടുകളായി തുടരുന്ന ഭൂമി തര്‍ക്കത്തിലാണ് സുപ്രിംകോടതി ശനിയാഴ്ച വിധി പറയുന്നത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന വിവരം പുറത്തുവിട്ടത്. ഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ ഇരുവരെയും നേരിട്ടുവിളിച്ചുവരുത്തിയാണ് രഞ്ജന്‍ ഗോഗോയ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അര്‍ധസൈനികര്‍ ഉള്‍പ്പടെ വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.

ജില്ലയില്‍ ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ടുകക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്‌ലിം പക്ഷത്തെ ഏകകക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിച്ചുനല്‍കാന്‍ ഉത്തരവിട്ടു. അതിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രിംകോടതി വാദം അവസാനിപ്പിച്ച് വിധി പറയാനാനൊരുങ്ങുന്നത്.

Next Story

RELATED STORIES

Share it