Sub Lead

വര്‍ഗീയപ്രചാരണം: വി മുരളീധരനും പ്രതീഷ് വിശ്വനാഥിനുമെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മുരളീധരന്റെ പ്രവൃത്തി ഐപിസി 153 എ, ഐടി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും അദ്ദേഹത്തിനെതിരേ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

വര്‍ഗീയപ്രചാരണം: വി മുരളീധരനും പ്രതീഷ് വിശ്വനാഥിനുമെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
X

കോഴിക്കോട്: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്റെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതീഷ് വിശ്വനാഥിന്റെയും ഓണ്‍ലൈന്‍ വര്‍ഗീയപ്രചാരണങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരായ പോലിസിന്റെ അന്യായനടപടികള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അഡ്വ. അമീന്‍ ഹസന്‍ പരാതി നല്‍കി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഞായറാഴ്ചത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബാബരി കേസിലെ സുപ്രിംകോടതി വിധി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിജയമാണെന്നാണ് അവകാശപ്പെടുന്നത്.

1992 ല്‍ ബാബരി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച എല്‍ കെ അദ്വാധി നേതൃത്വം നല്‍കിയ രഥയാത്രയുടെ ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് സമാനമായി മോദി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പൂര്‍ത്തീകരണംകൂടിയാണ് സുപ്രിംകോടതി വിധിയെന്നാണ് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. മുരളീധരന്റെ നടപടി വിധിക്കുശേഷം ക്രമസമാധാനം നിലനിര്‍ത്തണമെന്ന സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാന പോലിസ് നല്‍കിയ നിര്‍ദേശങ്ങളും വ്യക്തമായി ലംഘിക്കുന്നതാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. മാത്രമല്ല, സാമുദായിക കലാപവും ജനങ്ങള്‍ക്കിടയില്‍ അപസ്വരവുമുണ്ടാക്കാന്‍ ഇത് ഇടയാക്കും.

മുരളീധരന്റെ പ്രവൃത്തി ഐപിസി 153 എ, ഐടി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും അദ്ദേഹത്തിനെതിരേ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രിംകോടതി വിധിയില്‍ വിജയാഘോഷം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചില തീവ്ര ഹിന്ദുത്വസംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥ് സുപ്രിംകോടതി വിധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുടെയും സമൂഹമാധ്യമങ്ങളില്‍ നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷപ്രസംഗങ്ങളുടെയും തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ അന്ധരായിരുന്ന പോലിസ്, വിധിയോട് ജനാധിപത്യപരമായി പ്രതികരിക്കുകയും പോലിസിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യംചെയ്യുകയും ചെയ്ത മുസ്‌ലിം യുവാക്കള്‍ക്കെതിരേ തിടുക്കത്തില്‍ നടപടിയെടുത്തത് അതിശയകരമാണ്. ജനാധിപത്യപരമായി പ്രതികരിച്ച യുവാക്കള്‍ക്കെതിരേ സ്വീകരിച്ച നിയമവിരുദ്ധ നടപടികളില്‍നിന്ന് പിന്‍മാറുന്നതിനും നിയമവിരുദ്ധവും വര്‍ഗീയപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it