Sub Lead

അസമില്‍ മദ്‌റസകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍; ഒരു മാസത്തിനിടെ തകര്‍ത്തത് മൂന്ന് മദ്‌റസകള്‍

മതസ്ഥാപനങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്‌റസയാണിത്

അസമില്‍ മദ്‌റസകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍; ഒരു മാസത്തിനിടെ തകര്‍ത്തത് മൂന്ന് മദ്‌റസകള്‍
X
ഗുവാഹത്തി: അസമിലെ ബോംഗൈഗാവില്‍ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്‌റസ കെട്ടിടം പൊളിച്ചു നീക്കി. മതസ്ഥാപനങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്‌റസയാണിത്. എന്നാല്‍, കെട്ടിടം തകര്‍ച്ചയിലാണെന്നും ആളുകള്‍ക്ക് കഴിയാന്‍ സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മദ്‌റസ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടതെന്നാണ് ബോംഗൈഗാവ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.

മദ്‌റസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ കമ്മിറ്റി അധികൃതര്‍ ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. മര്‍കസുല്‍ മആരിഫ് ക്വാറിയാന മദ്‌റസയില്‍ തീപിടുത്തമോ ഭൂകമ്പമോ നേരിടാന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നും മ്ദറസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്നുമാണ് ബോംഗൈഗാവ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നത്. ഈ മദ്രസ മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ട് പ്രകാരമാണ് പൊളിച്ച് നീക്കിയതെന്നു എസ്പി സ്വപ്‌നനീല്‍ ദേഖയെ പറഞ്ഞു.

പൊളിച്ചുനീക്കിയ മ്ദറസയില്‍ 224 വിദ്യാര്‍ഥികളാണ് പഠിച്ചിരുന്നത്. കെട്ടിട സമുച്ചയത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളി ഒഴികെ, മുഴുവന്‍ കെട്ടിടവും പൊളിച്ചു നീക്കി. അല്‍ഖാഇദ ബന്ധം ആരോപിക്കപ്പെടുന്ന ബംഗ്ലാദേശ് ആസ്ഥാനമായ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അസം സര്‍ക്കാര്‍ മതസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് ഇടിച്ചുനിരത്തല്‍ നടപടി തുടങ്ങിയത്.

ബര്‍പേട്ട ജില്ലയിലെ ഒരു മദ്‌റസ തിങ്കളാഴ്ച അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന അക്ബര്‍ അലി, അബുല്‍ കലാം ആസാദ് എന്നീ സഹോദരങ്ങള്‍ മദ് റസ കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. ഈ മാസം നാലിന് മൊറിഗോണ്‍ ജില്ലയിലെ മറ്റൊരു മദ്‌റസയും പൊളിച്ചുനീക്കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം പണിതത് എന്നായിരുന്നു പൊളിച്ചു നീക്കല്‍ സംബന്ധിച്ച് നല്‍കിയ വിശദീകരണം.

വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മ്ദറസകള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന 700ലേറെ മദ്‌റസകള്‍ താന്‍ പൂട്ടിക്കഴിഞ്ഞു. ഇമാമുകളെന്ന വ്യാജേന ജിഹാദികള്‍ നുഴഞ്ഞുകയറുകയാണ്. ഇത്തരത്തില്‍ പരാതി ലഭിച്ചിടങ്ങളിലെല്ലാം ഒഴിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 37 പേരെ ഇതുവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസമിന് പുറത്തുനിന്ന് വരുന്ന ഇമാമുമാര്‍ പോലിസിനെ അറിയിക്കണമെന്നും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it