Sub Lead

ജാമ്യം ലഭിച്ച അമീനുല്‍ ഇസ്‌ലാം എംഎല്‍എയെ എന്‍എസ്എ പ്രകാരം ജയിലില്‍ അടച്ചു

ജാമ്യം ലഭിച്ച അമീനുല്‍ ഇസ്‌ലാം എംഎല്‍എയെ എന്‍എസ്എ പ്രകാരം ജയിലില്‍ അടച്ചു
X

ദിസ്പൂര്‍(അസം): കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തില്‍ അഭിപ്രായം പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച എഐയുഡിഎഫ് എംഎല്‍എ അമീനുല്‍ ഇസ്‌ലാമിനെ ജാമ്യം കിട്ടിയതിന് പിന്നാലെ കരുതല്‍ തടങ്കലിലാക്കി. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് (എന്‍എസ്എ) നടപടി. ധിങ് എംഎല്‍എയായ അമീനുല്‍ ഇസ്‌ലാമിനെ ഏപ്രില്‍ 24നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇന്നലെയാണ് അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഉടന്‍ തന്നെ എന്‍എസ്എ പ്രകാരം ജയിലില്‍ അടയ്ക്കുകയായിരുന്നു.

ഇന്നലെ നഗാവോണ്‍ കോടതിയാണ് അമീനുല്‍ ഇസ്‌ലാമിന് ജാമ്യം നല്‍കിയതെന്ന് എസ്പി സ്വപ്‌നനീല്‍ ദേക്ക പറഞ്ഞു. അപ്പോഴാണ് എന്‍എസ്എ പ്രകാരം നടപടി സ്വീകരിച്ചത്. അമീനുല്‍ ഇസ്‌ലാമിനെ വീണ്ടും നഗാവോണ്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചെന്നും എസ്പി പറഞ്ഞു.

വിചാരണയില്ലാതെ ആരെയും 12 മാസം വരെ തടവില്‍ ഇടാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമമാണ് എന്‍എസ്എ. രാജ്യത്തിന്റെ സുരക്ഷയേയും പൊതുസമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി അമീനുല്‍ ഇസ്‌ലാം ഏര്‍പ്പെടുന്നു എന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് നഗാവോണ്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

2011 മുതല്‍ ധിങില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അമീനുല്‍ ഇസ്‌ലാമിനെ 2020ലും ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് ക്വാറന്റൈന്‍ സെന്ററുകള്‍ കുടിയേറ്റക്കാരെ പൂട്ടിയിടുന്ന തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശമാണെന്നും തബ്‌ലീഗ് ജമാഅത്തുകാരെ പൂട്ടിയിടാന്‍ അവ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയതിനായിരുന്നു കേസ്.

പെഹല്‍ഗാം ആക്രമണത്തില്‍ അഭിപ്രായം പറഞ്ഞതിന് 60 പേരെയാണ് അസം പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകളെ അറസ്റ്റ് ചെയ്യുന്ന കാര്യം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ തന്നെ ട്വീറ്റും ചെയ്യും. ഇന്നലെ മാത്രം നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it