Sub Lead

ഒരിടത്തും ഞാന്‍ ഒപ്പിട്ടിട്ടില്ല; കുറ്റപത്രം ചോര്‍ന്നതിനെതിരേ ഉമര്‍ ഖാലിദ്

ഒരിടത്തും ഞാന്‍ ഒപ്പിട്ടിട്ടില്ല; കുറ്റപത്രം ചോര്‍ന്നതിനെതിരേ ഉമര്‍ ഖാലിദ്
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ കോടതയില്‍. ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ കുറ്റാരോപിതര്‍ക്ക് കോടതി ഇതുവരെ നല്‍കാത്ത കുറ്റപത്രം എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലിസിനോട് ചോദിക്കണമെന്ന് ഉമര്‍ഖാലിദ് ആവശ്യപ്പെട്ടു. തനിക്കെതിരേ ചില മാധ്യമങ്ങള്‍ മോശം കാംപയിന്‍ നടത്തുകയാണ്. എഫ്‌ഐആര്‍ 101 പ്രകാരമുള്ള അനുബന്ധ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 26 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികളുടെ അഭിഭാഷകര്‍ക്ക് ജനുവരി 4 വരെ ഒരു പകര്‍പ്പും ലഭിച്ചിട്ടില്ല. അതേസമയം വിവാദപരമായ നിരവധി കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹി കലാപത്തിന് ആക്കം കൂട്ടിയതില്‍ തനിക്കു പങ്കുണ്ടെന്ന് സമ്മതിച്ചെന്ന് കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. കുറ്റാരോപിതര്‍ക്ക് പകര്‍പ്പ് ലഭിക്കും മുമ്പ് കുറ്റപത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന രീതി വിചാരണയ്ക്കു മുമ്പുള്ള മുന്‍വിധിയാണെന്ന് ആശങ്കപ്പെടുന്നു. മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് പകര്‍പ്പ് ലഭിക്കുന്നതെന്ന് ദയവായി പ്രോസിക്യൂഷനോടും അന്വേഷണ ഉദ്യോഗസ്ഥനോടും കോടതി ചോദിക്കണം. കലാപത്തില്‍ എന്റെ പങ്ക് ഞാന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. ഞാന്‍ ഒരു പ്രസ്താവനയിലും ഒപ്പിട്ടിട്ടില്ല. ഇത്തരം റിപോര്‍ട്ടിങ്ങുകള്‍ നീതിയുക്തവുമായ വിചാരണയ്ക്കുള്ള തന്റെ അവകാശത്തെ ബാധിക്കുന്നതായും ഉമര്‍ ഖാലിദ് ചൂണ്ടിക്കാട്ടി. അഭിഭാഷകരായ ത്രിദീപ് പെയ്‌സ്, സന്യ കുമാര്‍, രക്ഷന്ദ ദേക എന്നിവരാണ് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായത്.

കുറ്റപത്രം സമര്‍പ്പിച്ച ഉടനെ തന്നെ ഉമര്‍ ഖാലിദിനെതിരേ മാധ്യമ പ്രചാരണം ആരംഭിച്ചതായി ഞങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടെന്ന് അഡ്വ. ത്രിദീപ് പെയ്‌സ് കോടതിയെ അറിയിച്ചു. ഉമര്‍ ഖാലിദ് കലാപത്തിലെ പങ്ക് സമ്മതിച്ചതായി മാധ്യമങ്ങള്‍ പ്രചാരണം തുടങ്ങി. ഡല്‍ഹി കലാപങ്ങളില്‍ ആളുകളെ സംഘടിപ്പിക്കല്‍, സ്ത്രീകളെ അണിനിരത്തല്‍, തോക്കുകള്‍ എത്തിക്കല്‍ എന്നിങ്ങനെയാണ് ആരോപണം. എന്നാല്‍, അതേ കുറ്റപത്രത്തില്‍ പറയുന്ന ദിവസങ്ങളില്‍ പ്രതി ഡല്‍ഹിയില്‍ പോലും ഇല്ലായിരുന്നുവെന്ന് അവര്‍ക്കറിയാം. എന്നാല്‍ 'ആരോപിക്കപ്പെടുന്നു' എന്ന ലജ്ജാകരമായ പ്രയോഗത്തിലൂടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 3നാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ജനുവരി 4 ന് വാദം കേള്‍ക്കുന്നതിനിടെയാണ് ഉമര്‍ ഖാലിദിന്റെ അഭിഭാഷകര്‍ ഇക്കാര്യം ഉന്നയിച്ചത്. ജനുവരി 5 ന് ഉച്ചയ്ക്ക് 2:00 ന് ശേഷം വിഷയം ലിസ്റ്റ് ചെയ്തതായി കര്‍ക്കാര്‍ഡൂമ കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ പറഞ്ഞു.

'Ask Police How Charge Sheet Was Leaked': Umar Khalid Tells Court

Next Story

RELATED STORIES

Share it