Sub Lead

സംഭല്‍ ശാഹി ജമാ മസ്ജിദിന്റെ സര്‍വേ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ

സംഭല്‍ ശാഹി ജമാ മസ്ജിദിന്റെ സര്‍വേ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ
X

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദില്‍ നടത്തിയ സര്‍വെയുടെ റിപോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവിലും സീല്‍ ചെയ്ത കവറിലുമായാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപോര്‍ട്ടിലെ ഉള്ളടക്കം രഹസ്യമാക്കി സൂക്ഷിക്കണമെന്ന് നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. റിപോര്‍ട്ടിന്റെ പകര്‍പ്പ് മസ്ജിദ് കമ്മിറ്റിക്കും സംസ്ഥാനസര്‍ക്കാരിനും ഹൈക്കോടതി കൈമാറി. ഇതിന് മറുപടി നല്‍കാന്‍ സമയവും അനുവദിച്ചു. കേസ് മേയ് 13ന് ജസ്റ്റിസ് രഞ്ജന്‍ അഗര്‍വാള്‍ വീണ്ടും പരിഗണിക്കും.

സംഭല്‍ ശാഹി ജമാ മസ്ജിദ്, ശ്രീ ഹരിഹര്‍ ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ അന്യായത്തിലെ ജില്ലാകോടതിയിലെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സംഭല്‍ ജില്ലാകോടതിയില്‍ നടക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2024 നവംബര്‍ 19ന് ഹിന്ദുത്വര്‍ അന്യായം ഫയല്‍ ചെയ്ത ഉടന്‍ തന്നെ ജില്ലാ കോടതി അഡ്വക്കറ്റ് കമ്മീഷണറെ നിയമിച്ചെന്നും സര്‍വേക്ക് നിര്‍ദേശിച്ചെന്നും മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചു. നവംബര്‍ 19ന് തന്നെ സര്‍വേ നടന്നു.

നവംബര്‍ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചാണ് സര്‍വേ സംഘം മസ്ജിദില്‍ എത്തിയത്. ഇതിനെതിരായ പ്രതിഷേധം നടന്നപ്പോള്‍ ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റായ അഡ്വ. സഫര്‍ അലിയെ മാര്‍ച്ച് 23ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. മാര്‍ച്ച് 24ന് ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കാനിരിക്കെയായിരുന്നു അറസ്റ്റ്. മസ്ജിദുമായി ബന്ധപ്പെട്ട കേസുകളെല്ലാം നോക്കി നടത്തിയിരുന്ന അഡ്വ. സഫര്‍ അലിയുടെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന നടപടികളാണ് പിന്നീട് ഉണ്ടായത്. മസ്ജിദില്‍ ഹാന്‍ഡ് റെയില്‍ സ്ഥാപിച്ചുവെന്നൊക്കെ ആരോപിക്കുന്ന പഴയ കേസുകള്‍ പോലിസ് കുത്തിപ്പൊക്കി.

അതേസമയം, സംഘര്‍ഷക്കേസില്‍ സംഭല്‍ എംഎല്‍എ ഇഖ്ബാല്‍ മഹ്മൂദിന്റെ മകന്‍ നവാഹ് സുഹൈല്‍ ഇഖ്ബാല്‍ ഇന്ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. ഇന്നലെ പോലിസ് നവാബിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ 83 മുസ്‌ലിംകളെയാണ് സംഘര്‍ഷത്തില്‍ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.

അതേസമയം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വിജയങ്ങള്‍ക്ക് സംഭല്‍ പിടിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി പ്രഖ്യാപിച്ചു. ജില്ലയിലെ ഹിന്ദുക്കളിലെ 12 ജാതികള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ക്രമീകരിക്കാന്‍ ബിജെപി തീരുമാനിച്ചു. ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കുമെന്ന് സംഭലിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുഷ്‌കര്‍ മിശ്ര പറഞ്ഞു.


Next Story

RELATED STORIES

Share it