Latest News

കണക്ട് ടു വര്‍ക്ക് പദ്ധതി; '9,861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു'; മുഖ്യമന്ത്രി

കണക്ട് ടു വര്‍ക്ക് പദ്ധതി; 9,861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു; മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കണക്ട് ടു വര്‍ക്ക് പദ്ധതിയില്‍ 9,861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ, അതുവരെ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. എല്ലാവര്‍ക്കും പ്രതിമാസ ഗഡുവായ 1,000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. എന്നാല്‍, 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസം മൂലം തുക ക്രഡിറ്റ് ആയിട്ടില്ല. തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തും.

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും, നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങള്‍ക്ക് കൈത്താങ്ങായാണ് 'കണക്ട് ടു വര്‍ക്ക് പദ്ധതി'യെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്കാണ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കേരളത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് സഹായത്തിന് അര്‍ഹത. 18 വയസ് പൂര്‍ത്തിയായരും 30 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷ നല്‍കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി, സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മല്‍സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ അഞ്ചുലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

Next Story

RELATED STORIES

Share it