Sub Lead

അശ്വിനി വധക്കേസില്‍ പ്രോസിക്യൂട്ടറാവാനില്ലെന്ന് അഡ്വ.ബി പി ശശീന്ദ്രന്‍; വിവാദത്തിനൊടുവില്‍ പിന്‍മാറ്റം

അശ്വിനി വധക്കേസില്‍ പ്രോസിക്യൂട്ടറാവാനില്ലെന്ന് അഡ്വ.ബി പി ശശീന്ദ്രന്‍; വിവാദത്തിനൊടുവില്‍ പിന്‍മാറ്റം
X

കണ്ണൂര്‍: പുന്നാട് കൊലചെയ്യപ്പെട്ട ആര്‍എസ്എസ് നേതാവ് അശ്വിനി കുമാര്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാവാനില്ലെന്ന് സിപിഎമ്മിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഡ്വ.ബി പി ശശീന്ദ്രന്‍. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ശശീന്ദ്രനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ശശീന്ദ്രന്റെ നിയമനം കണ്ണൂരിലെ ആര്‍എസ്എസ്- സിപിഎം ഡീലിന്റെ ഭാഗമാണെന്ന വിമര്‍ശനം ശക്തമായതോടെയാണ് അശ്വിനി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാവാനില്ലെന്ന് വ്യക്തമാക്കി ശശീന്ദ്രന്‍ രംഗത്തുവന്നത്.

അശ്വിനി കേസില്‍ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നില്‍ സിപിഎം- ആര്‍എസ്എസ് ബന്ധമൊന്നുമില്ലെന്ന് ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശശീന്ദ്രന്‍ കാലാവധി തീരാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ രാജിവച്ചിരുന്നു. ബി പി ശശീന്ദ്രനാണ് അശ്വിനി കേസ് കൈകാര്യം ചെയ്തിരുന്നത്.

ശശീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമിതനായി. ഈ സാഹചര്യത്തില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെ കേസിന്റെ തുടര്‍ന്നുള്ള നടപടിയിലും നിയമിക്കണമെന്നാണ് അശ്വിനിയുടെ കുടുംബത്തിന്റെ ആവശ്യം. സിപിഎം- ആര്‍എസ്എസ് രഹസ്യധാരണയുടെ ഭാഗമാണ് അശ്വനി കുമാര്‍ വധക്കേസിലുള്ള ആര്‍എസ്എസ്സിന്റെ നിലപാടെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായ ഉയര്‍ന്നിരുന്നു.

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ തന്നെ ആര്‍എസ്എസ്സിന് വേണ്ടി വാദിക്കാന്‍ വരുന്നത് പാര്‍ട്ടി അണികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിന് കാരണമായി. സമീപകാലത്തായി നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ടെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവരാത്തതുതന്നെ രഹസ്യ ബാന്ധവത്തിന്റെ പരിണിതഫലമാണ് എന്നത് പരസ്യമായ രഹസ്യമാണ്.

Next Story

RELATED STORIES

Share it