Sub Lead

കേന്ദ്ര സര്‍ക്കാരിനെ അര്‍ണബ് പറ്റിച്ചത് 25 കോടി; ഡിഡി ഫ്രീ ഡിഷില്‍ റിപബ്ലിക് കയറിയത് പണം നല്‍കാതെ

ഇതിലൂടെ ഏകദേശം 25 കോടി രൂപയാണ് പ്രസാര്‍ ഭാരതിക്ക് അര്‍ണബ് നല്‍കേണ്ടത്. ഇക്കാര്യം സംബന്ധിച്ച് ചില ദേശീയ ചാനലുകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു

കേന്ദ്ര സര്‍ക്കാരിനെ അര്‍ണബ് പറ്റിച്ചത് 25 കോടി; ഡിഡി ഫ്രീ ഡിഷില്‍ റിപബ്ലിക് കയറിയത് പണം നല്‍കാതെ
X

ന്യൂഡൽഹി: അര്‍ണബ് ഗോസാമിയുടെ റിപബ്ലിക്ക് ടിവി പ്രസാര്‍ ഭാരതിയുടെ ഡിടിഎച്ച് സംവിധാനം ഉപയോഗിച്ചതിലൂടെ നല്‍കാനുള്ളത് കോടിക്കണക്കിന് രൂപ. പ്രസാര്‍ഭാരതിയുടെ ഡിഡി ഫ്രീ ഡിഷില്‍ പണം നല്‍കാതെയാണ് റിപബ്ലിക്ക് ചാനല്‍ പ്രദര്‍ശിപ്പിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യുന്നത്.

2017 മേയില്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് റിപബ്ലിക്ക് ടിവി അനധികൃതമായി ഡിഡി ഫ്രീ ഡിഷിലൂടെ പ്രദര്‍ശിപ്പിച്ചത്. വര്‍ഷത്തില്‍ 8-12 കോടി രൂപയാണ് ഒരു ചാനല്‍ ഡിഡി ഫ്രീ ഡിഷില്‍ പ്രദര്‍ശിപ്പിക്കാന്‍ വാടകയിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ ഒരു രൂപ പോലും അര്‍ണബ് നല്‍കിയിട്ടില്ല.

ഇതിലൂടെ ഏകദേശം 25 കോടി രൂപയാണ് പ്രസാര്‍ ഭാരതിക്ക് അര്‍ണബ് നല്‍കേണ്ടത്. ഇക്കാര്യം സംബന്ധിച്ച് ചില ദേശീയ ചാനലുകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് അര്‍ണബിന് നേരെ നടപടിയോ ചോദ്യങ്ങളോ ഉയര്‍ന്നില്ലെന്നും വിമര്‍ശനമുണ്ട്.

ടിആര്‍പി തട്ടിപ്പും വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന് പിന്നാലെയാണ് പ്രസാര്‍ ഭാരതിയെ കബളിപ്പിച്ചതും ചര്‍ച്ചയായത്. ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയുമായുള്ള ചാറ്റിലും പ്രസാര്‍ഭാരതിയെ സംബന്ധിച്ച കാര്യം പറയുന്നുണ്ട്. റിപബ്ലിക്ക് ചാനലിനെക്കുറിച്ച് ചില പരാതികള്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പാര്‍ത്തോദാസ് അര്‍ണബിനോട് പറഞ്ഞത്.

മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും പാര്‍ത്തോദാസ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് അര്‍ണബ് നല്‍കിയ മറുപടി, വിവരം പുറത്തുവിടാതെ സൂക്ഷിച്ചിട്ടുണ്ടെന്ന് തന്നോട് റാത്തോഡ് പറഞ്ഞെന്നായിരുന്നു. ഇതോടെ ആരാണ് റാത്തോഡ് എന്ന ചോദ്യം ഉയര്‍ന്നു. കേന്ദ്രമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആണെന്നാണ് റിപോര്‍ട്ടുകള്‍.

ടിആര്‍പി റേറ്റിങ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന, അര്‍ണബും പാര്‍ത്തോദാസും തമ്മിലുള്ള ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it