Sub Lead

ഗസ പുനര്‍നിര്‍മാണം: ഈജിപ്തിന്റെ പദ്ധതിക്ക് അറബ് രാജ്യങ്ങളുടെ അംഗീകാരം; മാര്‍ച്ച് ഏഴിന് ഇസ്‌ലാമിക രാജ്യങ്ങളുടെ യോഗം

ഗസ പുനര്‍നിര്‍മാണം: ഈജിപ്തിന്റെ പദ്ധതിക്ക് അറബ് രാജ്യങ്ങളുടെ അംഗീകാരം; മാര്‍ച്ച് ഏഴിന് ഇസ്‌ലാമിക രാജ്യങ്ങളുടെ യോഗം
X

കെയ്‌റോ: ഇസ്രായേല്‍ അധിനിവേശത്തിന് ഇരയായ ഗസയുടെ പുനര്‍നിര്‍മാണത്തിനുള്ള 5,300 കോടി യുഎസ് ഡോളറിന്റെ (46,24,92,04,50,000 രൂപ) പദ്ധതി അറബ് ലീഗ് അംഗീകരിച്ചു. പുനര്‍നിര്‍മാണത്തിന് വേണ്ട പണം ചെലവഴിക്കാന്‍ പ്രത്യേക ട്രസ്റ്റും രൂപീകരിക്കും. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായവും ഈ ട്രസ്റ്റ് സ്വീകരിക്കും.


ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനോ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനോ ഉള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉച്ചകോടി അംഗീകരിച്ച പ്രമേയം പറയുന്നു. അത്തരം ശ്രമങ്ങള്‍ പശ്ചിമേഷ്യയിലെ സമാധാനത്തിന് എതിരാണെന്നും പ്രമേയം വ്യക്തമാക്കി. ഈജിപ്തിന്റെ പദ്ധതി അറബ് ലീഗ് അംഗീകരിച്ചതോടെ ഇനി മാര്‍ച്ച് ഏഴിന് സൗദിയിലെ റിയാദില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ യോഗം നടക്കും. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് സ്റ്റേറ്റ്‌സിലെ 57 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഈ യോഗത്തില്‍ പങ്കെടുക്കുക. അറബ് രാജ്യങ്ങളുടെ തീരുമാനത്തെ ഇസ്‌ലാമിക രാജ്യങ്ങളുടെ തീരുമാനമാക്കി മാറ്റാനാണ് ഇത്.

അതേസമയം, അറബ് രാജ്യങ്ങളുടെ തീരുമാനത്തെ ഇസ്രായേല്‍ ചോദ്യം ചെയ്തു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു.എന്നാല്‍, ഫലസ്തീനികളെ കുടിയൊഴിപ്പിക്കില്ലെന്ന അറബ് രാജ്യങ്ങളുടെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. ഫലസ്തീനില്‍ എത്രയും വേഗം തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന ശുപാര്‍ശയെയും ഹമാസ് സ്വാഗതം ചെയ്തു.

2030ഓടെ ഗസയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ഈജിപ്തിന്റെ പദ്ധതിയുടെ കരട് പറയുന്നത്. ഗസയില്‍ ഇസ്രായേല്‍ ഇട്ട പൊട്ടാത്ത ബോംബുകളും തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യലാണ് പദ്ധതിയുടെ ആദ്യഘട്ടം. പുനര്‍നിര്‍മാണകാലത്ത് ഗസക്കാര്‍ക്ക് താമസിക്കാന്‍ വേണ്ട ടെന്റുകളും സ്ഥാപിക്കും. ഗസയില്‍ ഒരു വിമാനത്താവളവും മല്‍സ്യബന്ധന തുറമുഖവും വാണിജ്യ തുറമുഖവും നിര്‍മിക്കണമെന്നും പദ്ധതി പറയുന്നു. പുതിയ ഗസയിലെ ഭരണത്തില്‍ നിന്ന് ഹമാസിനെ ഒഴിവാക്കി നിര്‍ത്തണമെന്നും ഈജിപ്തിന്റെ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. നിലവില്‍ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയെ നവീകരിച്ച് ഗസയുടെ ഭരണം ഏല്‍പ്പിക്കുന്നതുവരെ ഇടക്കാല ഭരണസംവിധാനം വേണമെന്നാണ് ശുപാര്‍ശ.

Next Story

RELATED STORIES

Share it