Sub Lead

വൈറസ് ബാധയെ പ്രതിരോധിക്കുന്ന മരുന്ന്: മലപ്പുറം സ്വദേശി ഉള്‍പ്പെട്ട ഗവേഷണ സംഘത്തിന്റെ കണ്ടെത്തലിന് അംഗീകാരം

വൈറസ് ബാധയെ പ്രതിരോധിക്കുന്ന മരുന്ന്:  മലപ്പുറം സ്വദേശി ഉള്‍പ്പെട്ട ഗവേഷണ സംഘത്തിന്റെ കണ്ടെത്തലിന് അംഗീകാരം
X

മലപ്പുറം: മനുഷ്യരുടെയും സസ്തനികളുടെയും കോശങ്ങളിലെ വൈറസ് ബാധയെ പ്രതിരോധിക്കുന്ന മരുന്ന് നിര്‍മിക്കാന്‍ നൂതന ശാസ്ത്രീയ മാര്‍ഗം കണ്ടെത്തിയ മലപ്പുറം സ്വദേശി ഉള്‍പ്പെട്ട ഗവേഷണ സംഘത്തിന് അംഗീകാരം. തായ് വാനിലെ ചങ് യാന്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയിലെ ബയോ സയന്‍സ് ടെക്‌നോളജി വിഭാഗം ഗവേഷക വിദ്യാര്‍ഥി വഴിക്കടവ് നരിവാലമുണ്ട സ്വദേശി മുഹ്‌സിന്‍ വരിക്കോടന്‍ ഉള്‍പ്പെട്ട ഗവേഷണ പ്രബന്ധം ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് മോളിക്യുലാര്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചു. വിവിധ വൈറസ് ബാധയുണ്ടായാല്‍ അവയ്‌ക്കെതിരേ നൂതനമായ ബാക്കുലോ വൈറസ് ടെക്‌നോളജി(ബാക്മാം) ഉപയോഗിച്ച് ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുന്ന രീതിയാണിത്. മുമ്പ്, ഇതേ ലാബിലുള്ളവര്‍ ഷഡ്പദ കോശങ്ങളില്‍ പരീക്ഷണം നടത്തി വിജയിച്ചിരുന്നെങ്കിലും മനുഷ്യ കോശങ്ങളിലും ഈ രീതി ഉപയോഗപ്രദമാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. നൂതന രീതിയില്‍ സ്‌കൂട്ടല്ലേറിയ ബൈകാലെന്‍സിസ് എന്ന ചൈനീസ് കുറ്റിച്ചെടിയില്‍ നിന്നു സംസ്‌കരിച്ചെടുത്ത ബൈക്കലിന്‍ സംയുക്തം ചിക്കുന്‍ഗുനിയ വൈറസിനെതിരേ ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

തായ്‌വാനിലെ ചങ് യാന്‍ ക്രിസ്ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ ബയോസയന്‍സ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റില്‍ പ്രഫ. സോങ് യാന്‍ വുവിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയാണ് മുഹ്‌സിന്‍ വരിക്കോടന്‍. തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു എം ടെക് ബയോടെക്‌നോളജി പഠനത്തിന് ശേഷമാണ് തായ്‌വാനിലെത്തിയത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് നരിവാലമുണ്ട സ്വദേശി പരേതനായ അബ്ദുല്‍ അസീസ്-സൈനബ ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഹ്‌സിന്‍.

Next Story

RELATED STORIES

Share it