Sub Lead

ഉപ്പയെ അവസാനമായി കാണാനാവാതെ അന്‍സാര്‍ നദ്‌വി; അബ്ദുല്‍ സത്താറിന് പരോള്‍

പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പിതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും അന്‍സാര്‍ നദ്‌വിക്ക് എത്താനാവില്ല. അതേസമയം, വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ സത്താറിന്റെ പരോള്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പിതാവിനെ കാണാന്‍ എത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഉപ്പയെ അവസാനമായി കാണാനാവാതെ അന്‍സാര്‍ നദ്‌വി;  അബ്ദുല്‍ സത്താറിന് പരോള്‍
X

കൊച്ചി: സിമി ബന്ധം ആരോപിച്ച് ഭോപ്പാല്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന മകന്റെ കേസ് സംബന്ധമായ യാത്രയ്ക്കിടെ മരണപ്പെട്ട അബ്ദുല്‍ റസാഖി(68)ന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വിയുടെ പിതാവ് അബ്ദുല്‍ റസാഖാണ് ഭോപ്പാലിലേക്കുള്ള യാത്രക്കിടെ ഇന്‍ഡോറില്‍ വച്ച് മരണപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മയ്യിത്ത് ഇന്‍ഡോറിലെ സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നാട്ടിലെത്തിച്ച് ഖബറടക്കും.

അബ്ദുല്‍ റസാഖിന്റെ രണ്ട് മക്കളാണ് ജയിലില്‍ കഴിയുന്നത്. ഇന്‍ഡോര്‍ കേസില്‍ അന്‍സാര്‍ നദ്‌വി ഭോപ്പാല്‍ ജയിലിലും വാഗമണ്‍ കേസില്‍ അബ്ദുല്‍ സത്താര്‍ വിയ്യൂര്‍ ജയിലിലുമാണ് കഴിയുന്നത്. പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പിതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും അന്‍സാര്‍ നദ്‌വിക്ക് എത്താനാവില്ല. അതേസമയം, വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ സത്താറിന്റെ പരോള്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പിതാവിനെ കാണാന്‍ എത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

പാനായിക്കുളം സിമി ക്യാംപ് കേസിലും അന്‍സാര്‍ നദ്‌വിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷിച്ച കേസില്‍ അന്‍സാര്‍ നദ്‌വിയെയും ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കാല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് തുടങ്ങിയ പ്രതികളെയെല്ലാം ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. എന്നാല്‍, ഇന്‍ഡോര്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെട്ടതിനാല്‍ അന്‍സാര്‍ നദ് വിക്ക് ജയില്‍ മോചനം ലഭിച്ചില്ല. മകന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് പിതാവ് അബ്ദുര്‍റസാഖിന്റെ വിയോഗം.


Next Story

RELATED STORIES

Share it