Top

ബദല്‍ രാഷ്ട്രീയം: പ്രാദേശിക പാര്‍ട്ടികളിലാണ് പ്രതീക്ഷ; ഒ അബ്ദുല്ല എഴുതുന്നു

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനു സുസ്ഥിര ബദലായി കോണ്‍ഗ്രസ്സിനെ കാണാന്‍ കഴിയില്ല. സംഘപരിവാരത്തിനെ നേരിടാന്‍ ആദ്യം മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് ക്രമേണ കടുകട്ടിയുള്ള ഹിന്ദുത്വത്തിലേക്കു വഴുതിമാറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനതലങ്ങളിലുള്ള മതേതര പ്രാദേശിക കക്ഷികളെയാണ് ഒരു പരിധിവരെയെങ്കിലും ബിജെപിക്കു ബദലായി രാജ്യത്തിന് ആശ്രയിക്കാനുള്ളത്.

ബദല്‍ രാഷ്ട്രീയം: പ്രാദേശിക പാര്‍ട്ടികളിലാണ് പ്രതീക്ഷ; ഒ അബ്ദുല്ല എഴുതുന്നു

ഒ. അബ്ദുല്ല

രാജ്യത്ത് മുസ്‌ലിം-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ നവരാഷ്ട്രീയ ശാക്തീകരണത്തിലേക്ക് ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പണക്കാര്‍ വീണ്ടും പണക്കാരാവുകയും പാവങ്ങള്‍ പിന്നെയും പട്ടിണിപ്പേക്കോലങ്ങളാവുകയും ചെയ്യുന്ന സാമൂഹിക അസന്തുലിതാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. ജനസംഖ്യയില്‍ നന്നേ ചെറിയ ശതമാനമായ സവര്‍ണരാണ് രാജ്യത്തിന്റെ അധികാരവും സ്വത്തും കൈയാളുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ അധികാരത്തിന്റെ മുഖ്യധാരയിലെത്താത്തിടത്തോളം ഇന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥയ്ക്കു പരിഹാരമാവില്ല.

മുസ്ലിം ദലിത് പിന്നാക്ക ശാക്തീകരണം എളുപ്പമല്ല

അതേസമയം, മുസ്‌ലിം-ദലിത് പിന്നാക്ക ശാക്തീകരണമെന്ന ആശയം രാജ്യത്ത് എളുപ്പം സാധ്യമാവുന്ന സാമൂഹിക പ്രക്രിയയല്ല. ഒട്ടേറെ സങ്കീര്‍ണതകള്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യ സമസ്യ തന്നെയാണത്. നവരാഷ്ട്രീയ ശാക്തീകരണ മുദ്രാവാക്യത്തിന്റെ ചേരുംപടി ചേര്‍ക്കലായാണ് മുസ്‌ലിം ദലിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളും ചര്‍ച്ചകളും രൂപപ്പെട്ടിട്ടുള്ളത്. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പമുള്ള രാഷ്ട്രീയ മുന്നേറ്റത്തില്‍ ദലിതുകള്‍ക്ക് എത്രത്തോളം പങ്കുവഹിക്കാനാവുമെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതായുണ്ട്. ദലിത് പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും രാഷ്ട്രീയമുന്നേറ്റത്തിലേക്ക് ആനയിക്കാനുള്ള മുസ്‌ലിംകള്‍ അടക്കമുള്ളവരുടെ ശ്രമങ്ങളെ സംശയത്തോടെയാണ് പലപ്പോഴും ആ വിഭാഗങ്ങള്‍ കാണുന്നത്. പിന്നാക്ക രാഷ്ട്രീയശാക്തീകരണത്തോട് പൊതുവേ മുഖംതിരിക്കുന്ന സമീപനമാണ് ദലിത് സംഘടനകളും പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമൊക്കെ സ്വീകരിക്കുന്നതെന്നാണ് എന്റെ നിരീക്ഷണത്തില്‍ വ്യക്തമായത്.

മുസ്‌ലിം ദലിത് മുന്നേറ്റമെന്ന പ്രയോഗം അതീവ സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടേണ്ടതാണ്. തങ്ങളുടെ ദൈന്യതയെ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നു ദലിതുകള്‍ക്ക് ഒരിക്കലും തോന്നാത്തവിധത്തിലുള്ള സമീപനം സ്വീകരിക്കപ്പെടണം. മുസ്‌ലിം ദലിത് എന്നതിനപ്പുറം, മര്‍ദിത അവശ വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണമെന്ന തലത്തിലുള്ള കാഴ്ചപ്പാടുകളും ശ്രമങ്ങളുമാണുണ്ടാവേണ്ടത്. സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് മുസ്‌ലിം ദലിത് കക്ഷികളെ അപ്രസക്തമാക്കുന്നുവെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. സ്വത്വം എന്നതു യാഥാര്‍ഥ്യമാണ്. സ്വത്വത്തെ നിരാകരിച്ചുകൊണ്ട് ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. അതിന്റെ ഉദാഹരണമാണ് പശ്ചിമബംഗാളിലെ മുസ്‌ലിംകളുടെ ശോച്യാവസ്ഥ. പേരില്‍ മാത്രം സ്വത്വം നിലനിര്‍ത്തിയ പശ്ചിമബംഗാളിലെ മുസ്‌ലിംകള്‍ ഭരണകൂടങ്ങളാല്‍ തീര്‍ത്തും അരികുവല്‍ക്കരിക്കപ്പെടുന്നതും പിന്നാക്കാവസ്ഥയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്നതുമാണ് കണ്ടത്.

സ്വത്വബോധത്തെ ഭീകരതയുടെ അടയാളമാക്കുന്നു

സ്വത്വബോധം മുസ്‌ലിംകളെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നുവെന്ന ആക്ഷേപം വസ്തുതാപരമല്ല. വാസ്തവത്തില്‍ മുസ്‌ലിംകളുടെ സ്വത്വബോധത്തെ ഭീകരതയുടെ അടയാളമായി വക്രീകരിച്ച് അവരെ പൊതുധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആ ഗൂഢാലോചനയില്‍ വശപ്പെടുകയും ചെയ്തു. ഗുലാംനബി ആസാദിനെപ്പോലും മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് യോഗങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുന്ന തലത്തിലേക്കു കാര്യങ്ങളെത്തിയിരിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ ഭാഗമായാണ് മുസ്‌ലിം സ്വത്വത്തെ ഭീകരതയുടെ പേക്കോലമായി ചിത്രീകരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ പ്രചാരണത്തിന്റെ മുന്‍നിരയില്‍നിന്നു മുസ്‌ലിം നേതാക്കളെ രാഹുല്‍ഗാന്ധിപോലും മാറ്റിനിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. മുസ്‌ലിം സ്വത്വം അംഗീകരിക്കാതെ തന്നെ, ബിജെപി ഭീതിയില്‍ മുസ്‌ലിംകള്‍ യാന്ത്രികമായി കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യുമെന്ന മനോഭാവമാണ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമുദായത്തെ പരസ്യമായി അഡ്രസ്സ് ചെയ്യാന്‍ രാഹുല്‍ഗാന്ധിപോലും ഇപ്പോള്‍ തയ്യാറാവുന്നില്ല. മുസ്‌ലിം പിന്നാക്കാഭിമുഖ്യമുള്ള കക്ഷികളുമായി സഖ്യവും ധാരണയും ഉണ്ടാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി സംഭവിക്കുമെന്നു കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നു. മുസ്‌ലിം രാഷ്ട്രീയത്തിനു വേരോട്ടമുള്ളതിനാല്‍ കേരളത്തില്‍ ലീഗുമായി സഖ്യപ്പെടാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായതാണ്.

കോണ്‍ഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലല്ല

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനു സുസ്ഥിര ബദലായി കോണ്‍ഗ്രസ്സിനെ കാണാന്‍ കഴിയില്ല. സംഘപരിവാരത്തിനെ നേരിടാന്‍ ആദ്യം മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് ക്രമേണ കടുകട്ടിയുള്ള ഹിന്ദുത്വത്തിലേക്കു വഴുതിമാറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനതലങ്ങളിലുള്ള മതേതര പ്രാദേശിക കക്ഷികളെയാണ് ഒരു പരിധിവരെയെങ്കിലും ബിജെപിക്കു ബദലായി രാജ്യത്തിന് ആശ്രയിക്കാനുള്ളത്. മുസ്‌ലിം സ്വത്വത്തെ ഭീകരമായി ചിത്രീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗീയതയ്ക്കു വളക്കൂറുണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്. ബാബരി ധ്വംസനം, മുസ്‌ലിംവേട്ടയ്ക്കു വേണ്ടിയുള്ള ടാഡ-പോട്ട കരിനിയമങ്ങള്‍, അസമിലെ 40 ലക്ഷം മുസ്‌ലിംകളെ പൗരത്വത്തിനു പുറത്താക്കിയത് തുടങ്ങിയ നീക്കങ്ങളൊക്കെ നടന്നത് കോണ്‍ഗ്രസ്സിന്റെ ഭരണകാലത്താണ്.


ഇടതു ലിബറല്‍ കക്ഷികളെന്ന് അവകാശപ്പെടുന്നവരും ഇന്ത്യയിലെ മുസ്‌ലിം-ദലിത് പിന്നാക്ക രാഷ്ട്രീയത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ ആദ്യം ചെങ്കൊടി പാറിച്ച മുസഫര്‍ അഹ്മദിന്റെ പാര്‍ട്ടി മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിക സ്വത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തുന്നതാണ് പില്‍ക്കാലത്തു കണ്ടത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കല്ലാതെ മുസ്‌ലിംകള്‍ അടക്കമുള്ളവരെ മുഖവിലയ്‌ക്കെടുക്കാന്‍ കേരളത്തിലടക്കം സിപിഎം ഇനിയും സന്നദ്ധമായിട്ടില്ല.

(തേജസ് വാരിക ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Next Story

RELATED STORIES

Share it