Sub Lead

മീൻ നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവം; കൗൺസിലറുടെ ബന്ധുവിന്റെ മീൻകച്ചവടം ക്ലച്ച് പിടിക്കാത്തത് കാരണം

അടുത്തിടെ ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഒരു മീൻകട തുറന്നിരുന്നു. ഇത് നഗരസഭാ കൗൺസിലറുടെ ബന്ധുവിന്റേതാണെന്നും അവർക്കു വേണ്ടിയാണ് മാസങ്ങളായി ഇവിടെ കച്ചവടം നടത്തുന്ന പാവപ്പെട്ട മീൻകച്ചവടക്കാരിക്കെതിരേ ജീവനക്കാർ അഴിഞ്ഞാടിയതെന്നും ആരോപണമുണ്ട്.

മീൻ നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവം; കൗൺസിലറുടെ ബന്ധുവിന്റെ മീൻകച്ചവടം ക്ലച്ച് പിടിക്കാത്തത് കാരണം
X

ആറ്റിങ്ങൽ: മീൻച്ചവടത്തിനെത്തിയ സ്ത്രീയെ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ ആക്രമിച്ച് മൽസ്യം നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ഇന്ന് നിയമസഭയിലടക്കം ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. അടുത്തിടെ ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഒരു മീൻകട തുറന്നിരുന്നു. ഇത് നഗരസഭാ കൗൺസിലറുടെ ബന്ധുവിന്റേതാണെന്നും അവർക്കു വേണ്ടിയാണ് മാസങ്ങളായി ഇവിടെ കച്ചവടം നടത്തുന്ന പാവപ്പെട്ട മീൻകച്ചവടക്കാരിക്കെതിരേ ജീവനക്കാർ അഴിഞ്ഞാടിയതെന്നും ആരോപണമുണ്ട്.

വർഷങ്ങളായി അഞ്ചുതെങ്ങിൽ നിന്നും അന്നന്ന് പിടിക്കുന്ന പിടയ്ക്കുന്ന മീനുമായി കച്ചവടത്തിന് എത്തുന്നവരാണ് അൽഫോൺസയും മറ്റു സ്ത്രീകളും. ഇവരുടെ മീനിന്റെ ഗുണമേന്മ അറിയുന്ന നാട്ടുകാർ സ്ഥിരമായി ഈ സ്ത്രീകളിൽ നിന്നുമായിരുന്നു മൽസ്യം വാങ്ങിയിരുന്നത്. ഇത് തടസപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

അനധികൃതമായി റോഡിൽ മീൻകച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാർ അതിക്രമം കാട്ടിയത്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസ എന്ന 52 കാരിക്ക് ഉദ്യോഗസ്ഥരുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

പിടിച്ചെടുത്ത മീൻ നഗരസഭ അധികൃതർ കൊണ്ടുപോയി നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ അവനവഞ്ചേരി ജംഗ്ഷനിലാണ് മനുഷ്യപ്പറ്റില്ലാത്ത നടപടി അരങ്ങേറിയത്. റോഡരികിൽ ഇരുന്ന് മീൻകച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ സമീപത്ത് നഗരസഭയുടെ ചവർ ശേഖരിക്കുന്ന വാഹനത്തിൽ എത്തിയ ജീവനക്കാർ ചാടിയിറങ്ങി മീൻ പാത്രത്തോടെ തട്ടി നടുറോഡിലിടുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ച അൽഫോൺസയെ വലിച്ച് റോഡിലേക്കിട്ടു. സമീപത്തു മീൻകച്ചവടം നടത്തുകയായിരുന്ന പനിയമ്മ ഇതുകണ്ട് മീൻ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി. സമീപത്തെ ഓട്ടോ ഡ്രൈവർമാർ പ്രതികരിച്ചപ്പോൾ അവരെയും ജീവനക്കാർ മർദ്ദിച്ചു. വീഴ്ചയിൽ അൽഫോൺസയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് അൽഫോൺസ അരമണിക്കൂറോളം റോഡിൽ കിടന്നിരുന്നു.

Next Story

RELATED STORIES

Share it