Sub Lead

കൊവിഡ് വര്‍ധനവ് കാണിക്കാന്‍ മുസ്‌ലിം പള്ളിയുടെ ചിത്രവുമായി ഓള്‍ ഇന്ത്യ റേഡിയോ

കൊവിഡ് വര്‍ധനവ് കാണിക്കാന്‍ മുസ്‌ലിം പള്ളിയുടെ ചിത്രവുമായി ഓള്‍ ഇന്ത്യ റേഡിയോ
X

ജാര്‍ഖണ്ഡ്: ലോകമാകെ കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ തുടക്കം മുതല്‍ നീക്കം നടന്നിരുന്നു. ചിലയിടത്ത് ഭരാധികാരികള്‍ തന്നെ ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് തബ് ലീഗ് ജമാഅത്തുകാരെ കൊറോണ വാഹകരായി ചിത്രീകരിച്ചത്. ഇപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓള്‍ ഇന്ത്യാ റേഡിയോയാണ് ഇത്തരം മുസ് ലിം വിരുദ്ധ നിലപാടുമായി രംഗത്തെത്തിയത്. ജാര്‍ഖണ്ഡിലെ പുതിയ കൊവിഡ് 19 കേസുകളെക്കുറിച്ചുള്ള റിപോര്‍ട്ട് ട്വീറ്റ് ചെയ്തപ്പോള്‍ ഉപയോഗിച്ച ചിത്രമാണ് വിവാദമായത്. ഒരു മുസ് ലിം പള്ളിയില്‍ തൊപ്പി ധരിച്ച രണ്ടുപേരുടെ ചിത്രമാണ് ഓള്‍ ഇന്ത്യ റേഡിയോ(എഐആര്‍) ഉപയോഗിച്ചത്.

'ജാര്‍ഖണ്ഡില്‍ 105 പുതിയ രോഗികളെ കണ്ടെത്തി, കേസുകള്‍ 1135ലെത്തി' എന്ന പരാമര്‍ശത്തോടെയാണ് മുസ് ലിം പള്ളിയുടെ ചിത്രം നല്‍കിയത്. ചിത്രമാവട്ടെ ജാര്‍ഖണ്ഡിലേതു പോലുമല്ലെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. ഇതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ഇസ് ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ മുസ്‌ലിംകളുമായി ബന്ധപ്പെടുത്താനുള്ള ഓള്‍ ഇന്ത്യ റേഡിയോയുടെ നികൃഷ്ടമായ നീക്കമാണിതെന്നും ആള്‍ ഇന്ത്യാ റേഡിയോ ബ്രോഡ്കാസ്റ്ററിനെതിരേ പോലിസിനെ സമീപിക്കണമെന്നും ചിലര്‍ പറഞ്ഞു. എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ക്കെതിരേ ഇത്രയധികം വിദ്വേഷം നിലനില്‍ക്കുന്നതെന്നും എല്ലായ്‌പ്പോഴും ഒരു പ്രത്യേക സമൂഹം ലക്ഷ്യമിടുന്നതിന്റെ കാരണം എന്താണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഇത് ഇസ് ലാമോഫോബിയയാണെന്നു പോലിസില്‍ പരാതി നല്‍കിക്കൂടേയെന്നും സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസ് എന്ന അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു. ഈ ചിത്രവും വാര്‍ത്തയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും രാജ്യത്തിന്റെ ഔദ്യോഗിക റേഡിയോ തന്നെ അജണ്ട തയ്യാറാക്കാന്‍ പരസ്യമായി ശ്രമിക്കുകയാണ്, കൊള്ളാം എന്നായിരുന്നു സുര്‍ഭി ശര്‍മയുടെ പരിഹാസ്യം. ഇത് ഓള്‍ ഇന്ത്യാ റേഡിയോയാണോ അതോ റേഡിയോ റുവാണ്ടയാണോ എന്നാണ് മുഹമ്മദ് ആസിമിന്റെ ചോദ്യം. ഈ ചിത്രവും വാര്‍ത്തയും തമ്മില്‍ എന്തു ബന്ധമാണ്. പൊതു ബ്രോഡ്കാസ്റ്റര്‍ തന്നെ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷം വളര്‍ത്തുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ സംഭവം വിവാദമായതോടെ ഓള്‍ ഇന്ത്യാ റേഡിയോ ചിത്രം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ക്ഷമാപണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, അതേ പള്ളിയുടെ ചിത്രം ഉപയോഗിച്ച് 'അസമില്‍ വീണ്ടും ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കുന്നു' എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. ഒപ്പം തന്നെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it