Sub Lead

അലിഗഢിന്റെ പേര് മാറ്റുന്നു; ഇനി ഹരിഗഢ്

അലിഗഢിന്റെ പേര് മാറ്റുന്നു; ഇനി ഹരിഗഢ്
X

ലഖ്‌നോ: വികസനത്തിലോ ജനക്ഷേമത്തിലോ അല്ല, യുപിയിലെ യോഗി സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് നേരത്തേ കണ്ടതാണ്. പേരുമാറ്റമാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രധാന അജണ്ട. പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് ചരിത്രം തന്നെ തിരുത്തലാണെന്ന് മനസ്സിലാക്കിയാണ് ഇതെല്ലാം ചെയ്യുന്നത്. നേരത്തേ നിരവധി പ്രധാന നഗരങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദിനെ പ്രയാഗ് രാജാക്കിയതെല്ലാം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രധാന നഗരമായ അലിഗഢിന്റെയും പേരുമാറ്റാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേര് ഹരിഗഡ് എന്നാക്കാനുള്ള നിര്‍ദേശം ഐക്യകണ്‌ഠ്യേനയാണ് പാസാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രശാന്ത് സിംഗാള്‍ അവതരിപ്പിച്ച നിര്‍ദേശത്തെ എല്ലാ കൗണ്‍സിലര്‍മാരും പിന്തുണച്ചു. ഇനി സംസ്ഥാന സര്‍ക്കാര്‍ കൂടി പച്ചക്കൊടി കാട്ടിയാല്‍ അലിഗഢ് എന്ന നാമം ചരിത്രത്തിലേക്ക് മാറും. പകരം ഹരിഗഢ് എന്നാവും.

2019 ജനുവരിയിലാണ് അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്നലെ ഒരു യോഗത്തില്‍ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചെന്നും എല്ലാ കൗണ്‍സിലര്‍മാരും ഐക്യകണ്‌ഠ്യേന പിന്തുണച്ചതായും ബിജെപി പ്രതിനിധി കൂടിയായ അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള്‍ പറഞ്ഞു. ഇനി നിര്‍ദ്ദേശം ഭരണകൂടത്തിന് അയക്കും. ഭരണകൂടം ഇത് മനസിലാക്കി ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റണമെന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംസ്ഥാന സര്‍ക്കാരിന് സംസ്ഥാനത്തിനുള്ളിലെ ഏത് നഗരത്തിന്റെയും പ്രദേശത്തിന്റെയും പേര് മാറ്റാന്‍ കഴിയും. ഒരു മുനിസിപ്പല്‍ ബോഡി നിര്‍ദിഷ്ട പേര് മാറ്റ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ശേഷം അത് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് പ്രമേയം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളും പ്രമേയം അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി പേര് മാറ്റാം. അലിഗഢിനെ ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശം 2021ല്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് തന്റെ സര്‍ക്കാര്‍ തുടരുമെന്ന് 2019ല്‍ മുഖ്യമന്ത്രി ആദിത്യനാഥ് സൂചിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയത് ഞങ്ങള്‍ ചെയ്തു. ഞങ്ങള്‍ മുഗള്‍ സരായിയെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് നഗര്‍ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യ ജില്ല എന്നും നാമകരണം ചെയ്തു. ആവശ്യമുള്ളിടത്ത് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.

ഫൈസാബാദ് ജില്ലയുടെയും അലഹബാദിന്റെയും പേരുമാറ്റിയതിനെ തുടര്‍ന്ന് അലിഗഢിന്റെ ഉള്‍പ്പെടെ പേരുമാറ്റണമെന്ന് ഭരണകക്ഷിയായ ബിജെപിയിലെ അംഗങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. ആഗ്രയെ അഗ്രവന്‍ അല്ലെങ്കില്‍ അഗര്‍വാള്‍ എന്നുംമ ുസഫര്‍നഗറിന്റെ പേര് ലക്ഷ്മി നഗര്‍ എന്നാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2017 മാര്‍ച്ചില്‍ അധികാരത്തില്‍ വന്നശേഷം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ആരംഭിച്ച പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ, ആംബുലന്‍സ് സേവനത്തിനുള്ള സമാജ് വാദി ആംബുലന്‍സ് സ്വാസ്ഥ്യ സേവ ഉള്‍പ്പെടെ നിരവധി പദ്ധതികളുടെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it