Sub Lead

ജപ്തി നടപടികൾ വിവേചനപരം: അൽ ഹാദി അസോസിയേഷൻ

ജപ്തി നടപടികൾ വിവേചനപരം: അൽ ഹാദി അസോസിയേഷൻ
X

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവിന്റെ പേരിൽ കേരള സർക്കാർ മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരിൽ നടപ്പിലാക്കുന്ന ജപ്തി നടപടികൾ തീർത്തും വിവേചനപരമാണെന്ന് അൽ ഹാദി അസോസിയേഷൻ പ്രസ്താവിച്ചു. കേരളം ഉണ്ടായതിനു ശേഷം ആയിരക്കണക്കിന് ഹർത്താലുകളും ബന്ദുകളും ഇവിടെ നടന്നിട്ടുണ്ട്. ബഹുകോടിക്കണക്കിന് രൂപയുടെ സ്വകാര്യ സ്വത്തും പൊതുസ്വത്തും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരിക്കുന്നവരും പ്രതിപക്ഷത്തിരുന്നവരും മാത്രമല്ല കടലാസു സംഘടനകളും ഇതിന്റെ പ്രയോക്താക്കളായിട്ടുമുണ്ട്. അന്നൊക്കെയും നിശബ്ദമായിരുന്ന കോടതികൾ ഈ വിഷയത്തിൽ മാത്രം കാണിക്കുന്ന അമിതാവേശം കോടതികളുടെ വിശ്വാസ്യതയ്ക്ക് പോറലേൽപ്പിക്കുമെന്നതിൽ സംശയമില്ല.

ഏതു സാഹചര്യത്തിലും നാടിന്റെ സമ്പത്ത് നശിപ്പിക്കപ്പെടുന്നത് അപലപനീയം തന്നെയാണ്. എന്നാൽ, നീതിയുടെ സർവ്വ മാനദണ്ഡങ്ങളും മറികടന്ന് ഒരു പ്രത്യേക സമുദായ സംഘടനയെ മാത്രം ലക്ഷ്യമാക്കി നിയമനടപടികളും ജപ്തി നടപടികളും നടക്കുന്നത് അത്രയ്ക്കും ആത്മാർത്ഥതയോടെയാണെന്ന് പറയുക വയ്യ. മാത്രമല്ല, ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്നും ഹർത്താലിൽ അക്രമം കാണിച്ചവരിൽ നിന്നും നഷ്ടം ഈടാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ നഗ്നമായ ദുരുപയോഗമാണ് ഇടത് സർക്കാർ ചെയ്യുന്നത്. ഹർത്താലിന് മുമ്പ് തന്നെ ജയിലിലടയ്ക്കപ്പെട്ട നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തി ചെയ്യുന്നത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണ്. ഉത്തരവിറക്കുന്ന ഹൈക്കോടതി, അതിന്റെ ശരിയായ നിർവഹണവും നിരീക്ഷിക്കേണ്ടതുണ്ട്. യുപിയിലും അസമിലും മറ്റിടങ്ങളിലും നടക്കുന്ന ബുൾഡോസർ രാജിനെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.നമ്മുടെ ചുറ്റും കഴിഞ്ഞുകൂടുന്ന നിരാലംബരും നിരപരാധികളുമായ സ്ത്രീകളും കുട്ടികളും സർക്കാരിന്റെയും കോടതികളുടെയും തെറ്റായ ഇടപെടലിന്റെ ഇരകളായി സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടുന്നത് തെറ്റാണെന്ന് പറയാൻ ആരുടെയും നാവ് പൊന്താത്തതിലാണ് അദ്ഭുതം. അനീതിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന ഈ മൗനം കേരളത്തിലെ സംസ്കൃത സമൂഹത്തിന് നാണക്കേടാണ് എന്നും അസോസിയേഷൻ ഓർമിപ്പിച്ചു.

Next Story

RELATED STORIES

Share it