Sub Lead

അജയ് ബിഷ്ടിന്റെ ബിജെപി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാന്‍ മൂന്നിന തന്ത്രങ്ങളുമായി അഖിലേഷ്

പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി ബിഎസ്പി നേതാക്കള്‍ ഇതിനോടകം തന്നെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ നേതാക്കളില്‍ പലരും എംഎല്‍എമാരും എംപിമാരും മന്ത്രിമാരും ബിഎസ്പി മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളുമാണെന്നതാണ് ശ്രദ്ധേയം

അജയ് ബിഷ്ടിന്റെ ബിജെപി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാന്‍ മൂന്നിന തന്ത്രങ്ങളുമായി അഖിലേഷ്
X

ലഖ്‌നൗ: ബിജെപിക്കും സംസ്ഥാനത്തെ ഇതര പ്രതിപക്ഷ കക്ഷികള്‍ക്കും ഏറെ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് ഉത്തര്‍ പ്രദേശ്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി ബിജെപി വര്‍ഗീയതയും പരമത വിദ്വേഷവും പടര്‍ത്തി കളംനിറഞ്ഞ് ആടുമ്പോള്‍ ഇവരെ ഏതുവിധേനയും പിടിച്ചുകെട്ടാനുള്ള ഒരുക്കത്തിലാണ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന (എസ്പി) സമാജ്‌വാദി പാര്‍ട്ടി. ബിജെപിയെ സംസ്ഥാന ഭരണത്തില്‍നിന്നു തൂത്തെറിയാന്‍ കച്ചകെട്ടിയിറങ്ങിയ എസ്പി മൂന്നിന തന്ത്രങ്ങളാണ് ഇതിനായി തങ്ങളുടെ ആവനാഴിയില്‍നിന്നു പുറത്തെടുക്കുന്നത്.

ബിജെപിയുടെ ചാക്കിട്ടുപിടിത്തം പൂര്‍ണമായും ഇല്ലാതാക്കാന്‍ മികച്ച വിജയ സാധ്യതയം പാര്‍ട്ടിയോട് അങ്ങേയറ്റം കൂറും പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ ഗോദയിലിറക്കുകയെന്നതാണ് എസ്പിയുടെ പ്രഥമ തന്ത്രം. ഇതിനായി മൂന്ന് മാനദണ്ഡങ്ങളാണ് പാര്‍ട്ടി മുന്നോട്ട്് വച്ചിരിക്കുന്നത്. ഒന്ന് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ജനപ്രീതി, അതത് മേഖലകളിലെ സമുദായ സമവാക്യങ്ങള്‍, പാര്‍ട്ടിയോടുള്ള വിശ്വാസ്യത.

തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് ഈയൊരു സമീപനം കൈകൊണ്ടത്. രണ്ടിടങ്ങളിലും മറ്റ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ കൂട്ടത്തോടെ ചാക്കിട്ടുപിടിച്ചാണ് ബിജെപി ജനഹിതത്തെ അട്ടിമറിച്ച് അധികാരത്തിലേറിയത്. പാര്‍ട്ടിയോടുള്ള വിശ്വാസ്യതയ്‌ക്കൊപ്പം തന്നോടുള്ള കൂറുംകൂടി അഖിലേഷ് യാദവ് പരിഗണിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ ജനസത്താ ദളിലെ (ലോക്താന്ത്രിക്) രഘുരാജ് പ്രതാപ് സിംഗ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും എസ്പി സഖ്യത്തിന് തയ്യാറായിട്ടില്ല. അഖിലേഷിന്റെ വിശ്വാസം നേടിയെടുക്കാന്‍ കഴിയാതിരുന്നതാണ് ജനസത്താ ദളിന് വിനയായത്.

ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് സര്‍വേ ഏജന്‍സികളുടെ സേവനം എസ്പി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്നതിന്, പാര്‍ട്ടി ഇതിനകം നേതാക്കളുടെ വ്യക്തമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴത്തെ എംഎല്‍എമാരുടെ കാര്യത്തില്‍ അത്തരത്തില്‍ പരിശോധന നടത്തില്ല. മുഴുവന്‍ എം എല്‍ എമാരേയും മത്സരിപ്പിക്കാന്‍ തന്നെയാണ് തിരുമാനം എന്നാണ് റിപ്പോര്‍ട്ട്.

പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരെ അണിനിരത്തുക എന്നതാണ് എസ്പിയുടെ രണ്ടാമത്തെ പ്രധാന തന്ത്രം. ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാണ് യുപിയില്‍. സവര്‍ണ സമുദായങ്ങള്‍, ജാതവര്‍, യാദവര്‍ എന്നീ വോട്ടുകളില് ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഒരുപോലെ സ്വാധീനമുണ്ട്. നേരത്തേ ബിഎസ്പിക്ക് പിന്നിലാണ് പിന്നാക്ക വിഭാഗങ്ങള്‍ അണിനിരന്നതെങ്കില്‍ 2014ന് ശേഷം ഈ വോട്ടുകള്‍ ബിജെപിയിലെത്തി. ഈ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് എസ്പി കരുക്കള്‍ നീക്കുന്നത്. പിന്നാക്ക സമുദായംഗങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യവും എസ് പി പരിഗണിക്കും. ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായുള്ള സഖ്യം അത്തരമൊരു തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഉദാഹരണമാണ്.

സംവരണ സീറ്റുകള്‍ പരമാവധി പോക്കറ്റിലാക്കുകയെന്നതാണ് എസ്പിയുടെ മൂന്നാമത്തെ തന്ത്രം. മുന്‍പ് സംവരണ മണ്ഡലങ്ങളില്‍ ബിഎസ്പിയായിരുന്നു പ്രധാന ശക്തി. എന്നാല്‍ ബിഎസ്പി ദുര്‍ബലമായതോടെ ബിജെപി ശക്തമായ എതിരാളിയായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 85 സംവരണ മണ്ഡലങ്ങളില്‍ 75 ലും ബിജെപി സഖ്യമാണ് ജയിച്ചുകയറിയത്. ഇത്തരം മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ ബിഎസ്പിയില്‍ നിന്നും ശക്തരായ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമമാണ് എസ്പി നടത്തുന്നത്.

ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി ബിഎസ്പി നേതാക്കള്‍ ഇതിനോടകം തന്നെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ നേതാക്കളില്‍ പലരും എംഎല്‍എമാരും എംപിമാരും മന്ത്രിമാരും ബിഎസ്പി മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളുമാണെന്നതാണ് ശ്രദ്ധേയം. സംവരണ മണ്ഡലങ്ങളില്‍ ഈ നേതാക്കളെ മല്‍സരിപ്പിക്കാനാണ് എസ്പി നീക്കം.

കേഡര്‍ സംവിധാനത്തിന്റെ അഭാവം എസ്പി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പ്രാദേശിക നേതാക്കളുമായുമുള്ള ബന്ധങ്ങളിലാണ് പാര്‍ട്ടി ഇപ്പോഴും നിലനില്‍ക്കുന്നത്. നേരത്തേ മുലായം സിംഗ് യാദവിനും സഹോദരന്‍ ശിവപാല്‍ സിംഗ് യാദവിനും പ്രാദേശിക നേതാക്കളുടെ ശക്തമായ ശൃംഖലയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വിജയിക്കാന്‍ ഇപ്പോഴും അഖിലേഷ് യാദവിന് സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it